ഭൂരഹിതരും ഭവനരഹിതരും ജനകീയ മാര്‍ച്ച് നടത്തി

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭവന രഹിതര്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഭരണ കാലാവധി കഴിയും മുമ്പ് പാലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി മേഖലയിലെ ഭൂരഹിതരും ഭവനരഹിതരും ഭരണ സിരാകേന്ദ്രങ്ങളിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും നല്‍കും വരെ പാര്‍ട്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിനോടുള്ള എം.എല്‍.എയുടെ അവഗണന അവസാനിപ്പിക്കുക, പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥത അവസാനിപ്പിച്ച് കാഞ്ഞിരപ്പള്ളിയുടെ വികസനത്തിനായി അടിയന്തര നടപടി സ്വീകരിക്കുക, കാഞ്ഞിരപ്പള്ളിയിലെ ഭൂരഹിതര്‍ക്ക് അര്‍ഹമായ ഭൂമി താലൂക്കില്‍ തന്നെ ലഭ്യമാക്കുക, മുഴുവന്‍ ഭവനരഹിതര്‍ക്കും സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള വീടുകള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്‍റ് നൗഷാദ് ചെരിപുറം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് സണ്ണി മാത്യു, ജില്ലാ കമ്മിറ്റി അംഗം കെ.എം. റഷീദ്, ടി.എം. ഷാജി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.