റോബോട്ടുകള്‍ക്ക് കൈവേഗം പകരാന്‍ മൈക്കിള്‍ ഇംഗ്ളണ്ടിലേക്ക്

കോട്ടയം: മനുഷ്യകരങ്ങളുടെ സ്വഭാവിക ചലനശേഷി യന്ത്രമനുഷ്യനിലേക്ക് പകരുകയെന്ന വലിയൊരു ദൗത്യവുമായി കോട്ടയം അരീപ്പറമ്പുകാരന്‍ മൈക്കിള്‍ ജേക്കബ് മാത്യു ശനിയാഴ്ച ഇംഗ്ളണ്ടിലേക്ക് പറക്കും. അവിടെ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ ബോറിസ്ദ റോബോട്ടിന് ചുറ്റുമാവും ഈ 26കാരന്‍ ഇനി മൂന്നുവര്‍ഷം. റോബോട്ടിന്‍െറ കൈകള്‍ക്ക് സ്വഭാവിക ചലനശേഷി എങ്ങനെ നല്‍കാമെന്നാവും ഗവേഷണം. വലിയൊരു ടീമുണ്ട് ഇതിന്‍െറ ഗവേഷണത്തില്‍. ഇവര്‍ക്കൊപ്പം മൈക്കിളും ചേരും. യന്ത്രമനുഷ്യന് കഴിവുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണത്തില്‍ പങ്കാളിയാകാന്‍ കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പിലൂടെയാണ് മൈക്കിളിന് അവസരം തുറന്നത്. ഇതിനായി ഒരുകോടിയുടെ സ്കോളര്‍ഷിപ്പും ലഭിച്ചു. ഇന്‍റലിജന്‍റ് റോബോട്ടിക്സ് ആന്‍ഡ് കോഗ്നീഷന്‍ ലാബ് എന്നതാണ് ഗവേഷണ വിഷയം. വിജയപുരം സര്‍വിസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി പി.എ. മാത്യുവിന്‍െറയും പുതുപ്പള്ളി റബര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സയന്‍റിഫിക് അസി. ഷേര്‍ലി ജേക്കബിന്‍െറയും മകനായ മൈക്കിള്‍ ഈവര്‍ഷം കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ് ലഭിച്ച ഏക മലയാളിയാണ്. ഇന്ത്യയില്‍നിന്ന് ബിരുദാനന്തരബിരുദ പഠനത്തിന് 16 പേരെയും ഗവേഷണത്തിനായി അഞ്ചുപേരെയുമാണ് കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തത്. കോട്ടയം ഗിരിദീപം ബഥനി സ്കൂള്‍, തിരുവനന്തപുരം സി.ഇ.ടി, ബംഗാളിലെ ദുര്‍ഗാപ്പൂരില്‍ സെന്‍ട്രല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മുംബൈ ഐ.ഐ.ടി.യില്‍ ഗവേഷണം നടത്തുന്നതിനിടെയാണ് മൈക്കിളിനെ തേടി അംഗീകാരം എത്തിയത്. സി.എം.ഇ.ആര്‍.ഐയിലെ പരിശീലനകാലത്തെ ജീവിതമാണ് റോബോട്ടുകളുമായി മൈക്കിളിനെ ഏറെ അടുപ്പിച്ചത്. അവിടുത്തെ ശാസ്ത്രഞ്ജരില്‍നിന്ന് കോമണവെല്‍ത്ത് സ്കോളര്‍ഷിപ്പുകളെക്കുറിച്ച് മനസ്സിലാക്കി. ഇങ്ങനെ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം വഴി മെക്കട്രോണിക്സില്‍ എം.ടെക് നേടിയ മൈക്കിള്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിച്ചു. എം.എച്ച്.ആര്‍.ഡി ഹയര്‍ എജുക്കേഷന്‍ സ്കോളര്‍ഷിപ്പിനുള്ള വെബ്സൈറ്റില്‍നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. 26 പഠനവിഭാഗങ്ങളിലാണ് കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ് നല്‍കുന്നത്. ആശയങ്ങള്‍ ആദ്യം സമര്‍പ്പിച്ചു. ഇതോടെ മന്ത്രാലയം ന്യൂഡല്‍ഹിയിലേക്ക് ഇന്‍റര്‍വ്യൂവിന് ക്ഷണിച്ചു. ഇതില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ മന്ത്രാലയം സ്കോളര്‍ഷിപ്പിനായി ശിപാര്‍ശ ചെയ്തു. തുടര്‍ന്നാണ് കോമണ്‍വെല്‍ത്ത് കമീഷന്‍െറ തെരഞ്ഞെടുപ്പ്. പഠന-യാത്രാ ചെലവുകള്‍, പ്രതിമാസ സ്റ്റൈപന്‍ഡ് എന്നിവ ഉള്‍പ്പെടെയാണ് ഒരുകോടി ലഭിക്കുക. മൂന്നുവര്‍ഷത്തെ ഗവേഷണത്തിനുശേഷം നാട്ടില്‍ മടങ്ങിയത്തെണമെന്ന് മാത്രമാണ് ശിപാര്‍ശക്കുള്ള കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്‍െറ നിബന്ധന. റഫറന്‍സ് ലെറ്റര്‍ സ്കോളര്‍ഷിപ്പിനുള്ള തെരഞ്ഞെടുപ്പിന് വലിയ ഘടകമാണ്. സി.എം.ഇ.ആര്‍.ഐയിലെ രണ്ട് ശാസ്ത്രഞ്ജരാണ് റഫറന്‍സ് നല്‍കിയതെന്ന് മൈക്കിള്‍ ’മാധ്യമ’ത്തോട് പറഞ്ഞു. തിരുവനന്തപുരം സി.ഇ.ടിയില്‍നിന്ന് അപൈ്ളഡ് ഇലക്ട്രോണിക്സില്‍ ബിടെക് നേടിയ ഉടന്‍ കാമ്പസ് റിക്രൂട്ട്മെന്‍റിലൂടെ ബഹുരാഷ്ട്ര കമ്പനിയായ ബോഷില്‍ ജോലി ലഭിച്ചു. ജോലി ഉപേക്ഷിച്ച് സി.എം.ഇ.ആര്‍.ഐയില്‍ മെക്കട്രോണിക്സില്‍ എം.ടെക്കിന് ചേര്‍ന്നതാണ് വഴിത്തിരിവായത്. ബര്‍മിങ്ഹാമിലെ ഗവേഷണത്തിനുശേഷം പോസ്റ്ററല്‍ ഡോക്ടറല്‍ ഫെലോഷിപ്പാണ് മൈക്കിളിന്‍െറ അടുത്ത ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.