ചങ്ങനാശേരി: റെയില്‍പാത ഇരട്ടിപ്പിക്കലിന്‍െറ ഭാഗമായി നിര്‍മാണം നടക്കുന്ന ഫാത്തിമാപുരം മേല്‍പാലം ഒക്ടോബര്‍ 31നും വാഴൂര്‍ മേല്‍പാലം നവംബര്‍ 15നും ആധുനിക റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം 2016 ജനുവരി 31നും പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, സി.എഫ്. തോമസ് എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാന റവന്യൂ വിഭാഗത്തിലെ നടപടിക്രമങ്ങളിലെ കാലതാമസമാണ് ഫാത്തിമാപുരം മേല്‍പാലത്തോടുചേര്‍ന്ന അപ്രോച്ച് റോഡ് നിര്‍മാണം വൈകാന്‍ കാരണമായത്. ഏറ്റെടുത്ത സ്ഥലത്തെ ആറ് ഭൂവുടമകള്‍ക്കുള്ള തുക റെയില്‍വേ സര്‍ക്കാറിന് കൈമാറിയെങ്കിലും ഇത് ഭൂവുടമകള്‍ക്ക് കൈമാറിയിട്ടില്ല. ഇതുകാരണം ഒരുഭാഗത്തെ അപ്രോച്ച് റോഡ് നിര്‍മാണം ഭൂവുടമകള്‍ തടഞ്ഞിരിക്കുകയാണ്. ഭൂമിവില നല്‍കിയാല്‍ മാത്രമേ ശേഷിക്കുന്ന ആറു വീട്ടുകാര്‍ മാറൂവെന്ന നിലപാടിലാണ്. ഈമാസം 28ന് ചേരുന്ന സംസ്ഥാനതല എംപവര്‍ കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തി ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം തുക ഭൂവുടമകള്‍ക്ക് കൈമാറും. തുടര്‍ന്ന് അപ്രോച്ച് റോഡിന്‍െറ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനാകുമെന്നും ഒക്ടോബര്‍ 31ന് പാലം ഗതാഗതത്തിന് തുറക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. വാഴൂര്‍ റോഡില്‍ മേല്‍പാല നിര്‍മാണത്തിന്‍െറ തുടര്‍ജോലികള്‍ക്ക് തടസ്സം ജലഅതോറിറ്റിയാണ്. നിലവിലെ മേല്‍പാലത്തില്‍നിന്ന് ജലഅതോറിറ്റിയുടെ പൈപ്പ്ലൈന്‍ പുതിയ പാലത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതും മറ്റൊരു പൈപ്പ്ലൈന്‍ പൊട്ടി ഗുഡ്ഷെപ്പേഡ് റോഡില്‍ വെള്ളക്കെട്ടായതും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിരിക്കുകയാണ്. പൈപ്പ്മാറ്റല്‍ ജോലികളുടെ കാലതാമസം ഒഴിവാക്കാന്‍ ജോലി വിഭജിച്ച് ഒരാഴ്ചക്കകം ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റി ജോലി ഒക്ടോബര്‍ 31നകം പൂര്‍ത്തീകരിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചത്. ഇത് പ്രാവര്‍ത്തികമായാല്‍ നവംബര്‍ 15ഓടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. അപ്രോച്ച് റോഡ് നിര്‍മാണത്തിന് തടസ്സംനിന്നിരുന്ന കെ.എസ്.ഇ.ബിയുടെ രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റിസ്ഥാപിച്ചു. പാലം നിര്‍മാണം പൂര്‍ത്തീകരിച്ചശേഷമേ കെ.എസ്.ഇ.ബിയുടെ ഭൂഗര്‍ഭ കേബ്ളുകള്‍ മാറ്റിസ്ഥാപിക്കാന്‍ കഴിയൂവെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷനിലെ ആധുനിക കെട്ടിടത്തിന്‍െറ അടിത്തറയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒക്ടോബറില്‍ അടിത്തറ നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിട ജോലി വേഗത്തിലാക്കും. 2016 ജനുവരി 31ന് ഉദ്ഘാടനം നടത്താന്‍ കഴിയുമെന്നും യോഗം വിലയിരുത്തി. ഭൂമിയേറ്റെടുക്കലിലെ സങ്കീര്‍ണതകള്‍ കണക്കിലെടുത്ത് മോര്‍ക്കുളങ്ങരയിലെ റെയില്‍വേ മേല്‍പാലം നിര്‍മാണം ഉപേക്ഷിച്ചത് പുന$പരിശോധിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയും സി.എഫ്. തോമസ് എം.എല്‍.എയും റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു. പാതയിരട്ടിപ്പിക്കലോടനുബന്ധിച്ച് മോര്‍ക്കുളങ്ങരയിലും മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള രൂപരേഖ തയാറാക്കി അംഗീകാരത്തിന് സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കി. വാഴൂര്‍ റോഡിന് സമാന്തരമായ പാതയാണിത്. വാഴൂര്‍ റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണാന്‍ ഈ റോഡിന്‍െറ വികസനത്തിലൂടെ കഴിയുമെന്നും യോഗം പറഞ്ഞു. റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി. സുശീന്ദ്രന്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സുരേഷ്കുമാര്‍. അസി. എക്സി. എന്‍ജിനീയര്‍ ഗോപകുമാര്‍, അസി. എന്‍ജിനീയര്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എം.പി നേരിട്ടു വിലയിരുത്തിയ ശേഷമാണ് യോഗം ചേര്‍ന്നത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ അനു പോള്‍, ബാബു കുരുവിള, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ എം. മധു, എബ്രഹാം വര്‍ഗീസ്, റവന്യൂ വിഭാഗം ഉദ്യോഗസ്ഥരായ പുഷ്പവല്ലി, ജോസഫ്, ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എ. നിഷാദ്മോന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.