കോട്ടയത്തെ ‘ഗുരുകുലം’ പഠിക്കാന്‍ യുനിസെഫ്

കോട്ടയം: ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ‘ഗുരുകുലം’ പദ്ധതി പഠിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ഘടകമായ യുനിസെഫ് 16ന് കോട്ടയത്തത്തെുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക തിന്മകളെ വിദ്യാലയങ്ങളില്‍നിന്ന് ഒഴിവാക്കുന്നതിന് ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹകരണത്തോടെ ഗുണമേന്മ ഉറപ്പാക്കി കുട്ടികളുടെ സമഗ്രവിദ്യാഭ്യാസം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയാണ് ഗുരുകുലം. 16ന് രാവിലെ 11ന് കോട്ടയം എം.ടി സെമിനാരി ഹയര്‍ സെക്കന്‍ഡറിയില്‍ നടക്കുന്ന വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കുന്ന കേരളം, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയുള്ള യുനിസെഫ് ചെന്നൈ റീജനല്‍ ഡയറക്ടര്‍ ജോബ് സഖറിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ബാലസൗഹൃദ ജില്ലയെ തെരഞ്ഞെടുക്കുന്നതിന്‍െറ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്ന ഘട്ടത്തില്‍ യുനിസെഫ് പ്രതിനിധിയുടെ കോട്ടയം സന്ദര്‍ശനത്തിന് പ്രാധാന്യമേറെയുണ്ട്. ഗുരുകുലം പദ്ധതിയിലൂടെ ജില്ലയിലെ 231 സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ 1118 കൈയെഴുത്ത് മാസികകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത് യുനിസെഫ് അധികൃതര്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനമെന്ന് ഗുരുകുലം പദ്ധതി കോഓഡിനേറ്റര്‍ അഡ്വ. ഫില്‍സണ്‍ മാത്യൂസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലാ പൊലീസ് തുടങ്ങിയ ഓപറേഷന്‍ ‘ഗുരുകുലം’ പദ്ധതിയുടെ ചുവടുപിടിച്ച് 2013ലാണ് ജില്ലാ പഞ്ചായത്ത് ‘ഗുരുകുലം’പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനൊപ്പം എക്സൈസ് വകുപ്പിന്‍െറ അതിജീവനം കൗണ്‍സലിങ്ങും സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്കുകളും ചൈല്‍ഡ്ലൈനിന്‍െറ നേതൃത്വത്തില്‍ കോള്‍ സെന്‍റര്‍ കൗണ്‍സലിങ്ങും നല്‍കിവരുന്നുണ്ട്. ഒന്ന് മുതല്‍ 12വരെ ക്ളാസുകളിലെ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമിട്ട് ഇന്‍റര്‍നെറ്റ് അധിഷ്ഠിതമായ 18 വിഭാഗങ്ങളിലായി തിരിച്ചാണ് പ്രവര്‍ത്തനം. അധ്യയന ദിവസങ്ങളില്‍ ബാഹ്യപ്രേരണക്ക് വഴങ്ങി വീടുവിട്ട കുട്ടികള്‍ വിദ്യാലയങ്ങളില്‍ എത്തിയിട്ടില്ളെന്ന് മാതാപിതാക്കള്‍ക്കും ഇതര ഏജന്‍സികള്‍ക്കും എസ്.എം.എസ്, ഇ-മെയില്‍ സന്ദേശം ഇന്‍റര്‍നെറ്റ് വഴി അയക്കുന്ന അറ്റന്‍ഡന്‍റസ് ട്രാക്കിങ് സംവിധാനമാണ് ഇതില്‍ പ്രധാനം. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വിദ്യാഭ്യാസ അന്തരീക്ഷവുമായി ബന്ധപ്പെട്ട് ഏതു പരാതിയും ഓണ്‍ലൈന്‍ മുഖേന നല്‍കാനും വിപുല സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും കൗണ്‍സലിങ്, വഴിക്കണ്ണ്, ഗുരുകുലം ഡയറി, കരിയര്‍ ഗൈഡന്‍സ് എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിവരുന്നു. പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഈ വര്‍ഷത്തെ ബജറ്റില്‍ 22ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വിജയകരമായി പൂര്‍ത്തിയാക്കി പദ്ധതി സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനും നീക്കമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.