വണ്ടിപ്പെരിയാര്‍: രണ്ട് ആദിവാസികളടക്കം അന്തര്‍സംസ്ഥാന ആനക്കൊമ്പുവേട്ട സംഘത്തില്‍പെട്ട നാലു തമിഴ്നാട് സ്വദേശികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. തമിഴ്നാട് ആനമല വന്യജീവി സങ്കേതത്തില്‍പെട്ട വാല്‍പാറ വനപ്രദേശത്തുനിന്ന് ചെരിഞ്ഞ കാട്ടാനയുടെ കൊമ്പാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. തമിഴ്നാട് വാല്‍പാറ കല്യാണപ്പന്തല്‍ ടീ എസ്റ്റേറ്റിലെ ഇളങ്കോവന്‍ (36), ഉത്തമപാളയം സ്വദേശി സ്റ്റാലിന്‍ (46), വാല്‍പാറ മഞ്ഞപ്പാറ ആദിവാസികോളനിയിലെ പാണ്ഡ്യന്‍ (35), സുദേവന്‍ (55) എന്നിവരാണ് പിടിയിലായത്. ഇളങ്കോവന്‍, സ്റ്റാലിന്‍ എന്നിവരെ വണ്ടിപ്പെരിയാറില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്: കമ്പംമെട്ട് മന്തിപ്പാറ സ്വദേശിയായ ചെട്ടിയാര്‍ എന്ന ബാബു ജോസഫിന് വില്‍ക്കാനാണ് ഇളങ്കോവനും സ്റ്റാലിനും ആനക്കൊമ്പ് എത്തിച്ചത്. എന്നാല്‍, ജോസഫുമായി ബന്ധപ്പെടാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഈ സമയത്ത് ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍നിന്നാണ് ആദിവാസികളെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പണം നല്‍കാമെന്ന് അറിയിച്ച് ഇവരെ കൂടി കുടുക്കുകയായിരുന്നു. വനപ്രദേശത്ത് താമസിക്കുന്ന പാണ്ഡ്യന്‍, സുദേവന്‍ എന്നിവരുമായി ബന്ധപ്പെട്ട ഇളങ്കോവനും സ്റ്റാലിനും വനത്തില്‍ ജീവികള്‍ ചത്തുകിടക്കുന്നത് കണ്ടാല്‍ അറിയിക്കണമെന്നും മെച്ചപ്പെട്ട പ്രതിഫലം നല്‍കാമെന്നും അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് ചെരിഞ്ഞ ആനയുടെ കൊമ്പുകള്‍ ഊരിയെടുത്ത് നല്‍കിയത്. ജില്ലയിലെ പ്രമുഖ ബാങ്കിലൂടെ ബാബു ജോസഫ് വന്‍തുക കൈമാറ്റം ചെയ്തതായി കണ്ടത്തെിയിട്ടുണ്ട്. ഇയാളെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. മന്തിപ്പാറ സ്വദേശിയായ ബാബു ജോസഫ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും നാടന്‍ തോക്ക് വില്‍പന, സ്പിരിറ്റ് കടത്തല്‍ കേസുകളിലും പ്രതിയാണ്. ഏഴര കിലോ വരുന്ന ആനക്കൊമ്പ് മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്നതാണ്. 30 വയസ്സുള്ള ആനയുടേതാണ് കൊമ്പെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെരിയാര്‍ വന്യജീവി സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, വള്ളക്കടവ് റെയ്ഞ്ച് ഓഫിസര്‍ എം. അജീഷ്, വനംവകുപ്പ് ഉദ്യോഗസ്ഥരായ ജയദാസ്, അഖില്‍ ബാബു, വിജേഷ്, സുധാകരന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.