മൂന്നാര്‍: ‘കൊളുന്തുകുട്ട എടുപ്പത് നാങ്കളെ, പണക്കുട്ട അമുക്കുത് നീങ്കളെ...പൊട്ട ലയങ്ങള്‍ നാങ്കള്‍ക്ക്, എ.സി ബംഗ്ളാ ഉങ്കള്‍ക്ക്... തമിഴ് മീഡിയം നാങ്കള്‍ക്ക്, ഇംഗ്ളീഷ് മീഡിയം ഉങ്കള്‍ക്ക്...’ തൊണ്ടയിടറാതെ അത്യുച്ചത്തില്‍ സ്ത്രീ തൊഴിലാളികള്‍ കണ്ണന്‍ദേവന്‍ പ്ളാന്‍േറഷന്‍ ആസ്ഥാനത്തിന് മുന്നില്‍ എട്ടാം ദിവസവും ഉപരോധസമരം തുടരുമ്പോള്‍ ചായക്കോപ്പയില്‍ നിന്നുയര്‍ന്ന കൊടുങ്കാറ്റ് മൂന്നാറില്‍ ആഞ്ഞടിക്കുകയാണ്. ഏഴായിരത്തോളം തൊഴിലാളികളുടെ സമരാവേശത്തിന് ഇത്ര ദിവസം പിന്നിട്ടിട്ടും ഒരു കുറവും സംഭവിച്ചിട്ടില്ല എന്നത് രാഷ്ട്രീയ പാര്‍ട്ടികളെയും ട്രേഡ് യൂനിയനുകളെയും മാറി ചിന്തിപ്പിച്ചുതുടങ്ങി. ‘തൊഴിലാളി ഐക്യം സിന്ദാബാദ്, പെമ്പിളെ ഒരുമൈ സിന്ദാബാദ്’ എന്ന മുദ്രാവാക്യമാണ് മൂന്നാറില്‍ എങ്ങും മുഴങ്ങിക്കേള്‍ക്കുന്നത്. രാഷ്ട്രീയ-ഭാഷാ-ദേശ വ്യത്യാസമില്ലാതെ സ്ത്രീ തൊഴിലാളികള്‍ സമരഭൂമിയില്‍ ഒരുമിച്ചിരിക്കുകയാണ്. ഇതുവരെ തങ്ങളെ അവഗണിച്ചവര്‍ സമരത്തിലേക്ക് കടന്നുവന്നപ്പോള്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ല ഇവര്‍ക്ക്. അതാണ് പല നേതാക്കളെയും ഓടിച്ചുവിടേണ്ടിവന്നത്. സമരത്തിന്‍െറ നേതാക്കള്‍ തങ്ങള്‍ ഓരോരുത്തരുമാണെന്ന് ഇവര്‍ പ്രഖ്യാപിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ സ്ത്രീസമരത്തിന് മൂന്നാര്‍ വേദിയായിരിക്കുകയാണ്. അഞ്ചു തലമുറകളായി തങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ലക്ഷ്മി എസ്റ്റേറ്റിലെ വളര്‍മതി പറയുമ്പോള്‍ കണ്ണുകളില്‍ രോഷം ജ്വലിക്കുന്നു. ലയങ്ങളിലെ തീരാത്ത ദുരിതജീവിതമാണ് തങ്ങള്‍ക്ക്. കമ്പനി മാനേജര്‍മാരുടെ വീടുകളില്‍ സഹായത്തിനായി മാത്രം അഞ്ചും ആറും പേരാണ്. അസുഖം ബാധിച്ച് കിടക്കുന്ന ദിവസങ്ങളില്‍ പോലും ജോലിക്കുപോകാന്‍ നിര്‍ബന്ധിതരാകുകയാണ്. പത്തുദിവസം ജോലിചെയ്യുമ്പോള്‍ 1840 രൂപയാണ് കൂലിയായി നല്‍കുക. ഞങ്ങളുടെ പുരുഷന്മാരെ യൂനിയന്‍കാര്‍ മദ്യം കൊടുത്ത് വശത്താക്കി. ഇതുകൊണ്ടുതന്നെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനാകാതെ സഹിച്ചുസഹിച്ച് ഞങ്ങള്‍ മടുത്തു. ഡിഗ്രിയും പി.ജിയും ഉള്ളവര്‍ തോട്ടങ്ങളില്‍ കൊളുന്തു നുള്ളാന്‍ വരുന്നുണ്ട്. ഒപ്പിടാന്‍ അറിയാമെങ്കിലും ഞങ്ങളെക്കൊണ്ട് ഇപ്പോള്‍ മഷിയില്‍ വിരല്‍മുക്കി പതിപ്പിക്കുകയാണ് ചെയ്യുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇവര്‍ പറയുന്നു. സമരം ഒത്തുതീര്‍പ്പായില്ളെങ്കില്‍ റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെയുള്ളവ സര്‍ക്കാറിന് തിരിച്ചുനല്‍കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. സമരത്തിന് വന്‍ ജനപിന്തുണ ലഭിക്കുന്നതോ കൂടുതല്‍പേര്‍ കടന്നുവരുന്നതോ ഒന്നും ഇവരെ സമരമുഖത്ത് അലസരാക്കുന്നില്ല. കൂടുതല്‍ ആവേശത്തോടെ ഉറക്കെയുറക്കെ മുദ്രാവാക്യം വിളി തുടരുകയാണ്, ‘പൊട്ടലയങ്ങള്‍ നാങ്കള്‍ക്ക്, എ.സി ബംഗ്ളാ ഉങ്കള്‍ക്ക്. ചിക്കന്‍ ദോശ ഉങ്കള്‍ക്ക്, കാടി കഞ്ഞി നാങ്കള്‍ക്ക്...’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.