ദേശീയ പെരുമയിലേക്ക് പന്തടിച്ച കായികാധ്യാപകന്‍ ജോലിനഷ്ട ഭീഷണിയില്‍

കോട്ടയം: മേവെള്ളൂരിന്‍െറ പെണ്‍പെരുമക്ക് കൊടിപിടിക്കുന്ന കായികാധ്യാപകന്‍ ജോലിനഷ്ട ഭീഷണിയില്‍. നാമക്കുഴിയിലെ ഗ്രാമീണ വിദ്യാര്‍ഥികളെ ദേശീയ തലത്തിലെ മിന്നുംതാരങ്ങളാക്കി മാറ്റിയ മേവെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്കൂളിലെ കായികാധ്യാപകന്‍ ജോമോന്‍ ജേക്കബാണ് പ്രതിസന്ധിയിലായത്. വിദ്യാര്‍ഥികളുടെ കുറവുമൂലം തസ്തിക നഷ്ടപ്പെടുന്നതാണ് വോളിബാളില്‍ ഇടിമുഴക്കം തീര്‍ത്ത നാമക്കുഴി സിസ്റ്റേഴ്സിന്‍െറ സഹോദരനായ ജോമോന്‍െറ ജോലിക്ക് ഭീഷണിയായത്. രണ്ടുവര്‍ഷമായി സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്മാരാണ് സ്കൂള്‍ ടീം. സീനിയര്‍, പൈക ദേശീയ വനിതാ ചാമ്പ്യന്‍ഷിപ്പുകളിലും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്. ജോമോന്‍െറ ശിഷണത്തില്‍ 24 ദേശീയ താരങ്ങളെ വാര്‍ത്തെടുക്കാനായി. രാജ്യത്തിന് ജഴ്സിയണിഞ്ഞവരും ഈ പെണ്‍കൂട്ടത്തിലുണ്ട്. 40 സംസ്ഥാന താരങ്ങളും ജോമോന്‍െറ കളിതന്ത്ര മികവില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഗ്രാമീണമേഖലയില്‍നിന്ന് ഒരുപിടി താരങ്ങളെ മികവിലേക്ക് ഉയര്‍ത്തിയതിന്‍െറ അംഗീകാരമായി ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സ്പോര്‍ട്സ് അക്കാദമിയെ സായി സെന്‍റായി അധികൃതര്‍ തെരഞ്ഞെടുത്തിരുന്നു. ബിരുദത്തിനുശേഷം ബംഗളൂരുവില്‍നിന്ന് കായിക പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ ജോമോന്‍ കരാട്ടേയില്‍ ബ്ളാക് ബെല്‍റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഫുട്ബാളിലും ഹോക്കിയിലും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന അദ്ദേഹം ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍െറ കീഴിലുള്ള ഗ്രാസ്റൂട്ട് ട്രെയ്നിങ്ങിനും പങ്കാളിയായിട്ടുണ്ട്. അടുത്തിടെ കേരള ഫുട്ബാള്‍ അസോസിയേഷനും കേരള ബ്ളാസ്റ്റേഴ്സും ചേര്‍ന്ന് കായിക അധ്യാപകര്‍ക്ക് നടത്തിയ പരിശീലന പരിപാടിയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്‍െറ ഭാഗമായി ആസ്ട്രേലിയന്‍ പരിശീലകന്‍ സ്കോട്ട് ഒ ഡോണല്‍, ഐറീഷ് ഫുട്ബാള്‍ താരമായ ടെറി ഫെലാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നടത്തിവരികയാണ്. മേവെള്ളൂര്‍ കുഞ്ഞുരാമന്‍ സ്കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞതോടെയാണ് സ്പെഷലിസ്റ്റ് അധ്യാപകസ്ഥാനം നഷ്ടമാകുന്ന സ്ഥിതിവന്നത്. ഇതോടെ സമീപ സ്കൂളുകളെ ചേര്‍ത്ത് തസ്തിക നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ജോമോന്‍. സായിയുടെ സഹായം കിട്ടുംമുമ്പ് സ്വന്തം കൈയില്‍നിന്ന് പണം ചെലവഴിച്ചാണ് പരിശീലന സൗകര്യം ഒരുക്കിയിരുന്നത്. ഗ്രാമീണ ചുറ്റുപാടില്‍നിന്ന് അദ്ഭുതം സൃഷ്ടിക്കുന്ന അധ്യാപകനെ നിലനിര്‍ത്താന്‍ കോട്ടയം ജില്ലക്കാരന്‍ കൂടിയായ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ് കായികപ്രേമികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.