ക്രിക്കറ്റ് താരം ശ്രീക്കൊപ്പം ‘സെല്‍ഫി’യെടുത്ത് വിദ്യാര്‍ഥികള്‍

കോട്ടയം: ക്രിക്കറ്റ്താരം എസ്. ശ്രീശാന്തിനൊപ്പം ‘സെല്‍ഫി’യെടുത്തും ചോദ്യമുന്നയിച്ചും ബസേലിയോസ് കോളജ് വിദ്യാര്‍ഥികള്‍. ലോക ആത്മഹത്യ പ്രതിരോധദിനാചരണ ഭാഗമായി കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയാണ് സംവാദത്തിലേക്ക് വഴിമാറിയത്. പ്രസംഗിക്കാന്‍ പീഠത്തിനരികിലേക്ക് എത്തിയ ശ്രീശാന്തിനെ കൂക്കിവിളിച്ച് സ്വീകരിച്ച വിദ്യാര്‍ഥിയെ സദസ്സില്‍നിന്ന് സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ‘സെല്‍ഫി’യെടുത്ത് മടക്കി അയച്ചാണ് പ്രസംഗം തുടങ്ങിയത്. പ്രസംഗത്തോട് താല്‍പര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാമെന്ന വാക്കുകള്‍ സദസ്സ് ഹര്‍ഷാരവത്തോടെ വരവേറ്റു. ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ നേരിട്ടുവെന്ന ബിരുദവിദ്യാര്‍ഥിയുടെ ആദ്യചോദ്യത്തെ ചെറുപുഞ്ചിരിയോടെ എതിരേറ്റു. പിന്നെ ചുരുങ്ങിയ വാക്കുകളില്‍ മറുപടിയും നല്‍കി. പ്രതികൂല സാഹചര്യത്തിലെ വികാരമെന്ത്, തിഹാര്‍ ജയിലിലെ അനുഭവങ്ങള്‍, പ്രതിസന്ധി അതിജീവിക്കാന്‍ സഹായമായതെന്ത്, യുവ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഉപദേശം എന്നീ ചോദ്യങ്ങള്‍ ഉയര്‍ത്തി ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംവാദം സജീവമാക്കി. ഇതോടെ, വിഷയങ്ങളില്‍നിന്ന് മാറി കലാലയമെന്ന് കേള്‍ക്കുമ്പോള്‍ പേടിയാണെന്ന് തുറന്നുസമ്മതിച്ചുള്ള മറുപടിയും വന്നു. കലാലയങ്ങളില്‍ എത്തുമ്പോള്‍ എന്തൊക്കെ ചോദ്യങ്ങളാണ് വരികയെന്ന് മുന്‍കൂട്ടി പറയാവില്ല. കാമ്പസിലേക്കുള്ള യാത്രക്കിടെ കാറിലിരുന്ന് കൈകള്‍ വിറക്കുന്നുണ്ടായിരുന്നുവെന്ന് പറഞ്ഞത് ഏറെ ചിരിപടര്‍ത്തി. സദസ്സില്‍നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ ആരവമുയര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പംനിന്ന് ‘സെല്‍ഫി’യെടുത്തായിരുന്നു മടക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.