ഒന്നും വിശ്വസിക്കാനാകാതെ വനിത

അടിമാലി: കണ്‍മുന്നില്‍ കൂട്ടുകാര്‍ വൈദ്യുതാഘാതമേറ്റ് മരിക്കുന്നത് കണ്ട് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട വനിത ശശിക്ക് താന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നതായി ഇനിയും വിശ്വസിക്കാനാകുന്നില്ല. ബുധനാഴ്ച തൊഴിലുറപ്പ് പണിയില്ലാത്തതിനാലാണ് യശോദ, രാജാത്തി, സലോമി എന്നിവര്‍ക്കൊപ്പം വനിതയും വിറക് ശേഖരിക്കുന്നതിനായി പോയത്. ഈ സമയം എട്ടു മാസമായ കുഞ്ഞ് സജിത്തിനെ പുറത്ത് തുണിയില്‍ സുരക്ഷിതമായി കെട്ടിവെച്ചാണ് പോയത്. വനത്തില്‍നിന്ന് ശേഖരിച്ച വിറകുമായി വീട്ടിലേക്ക് വരുന്ന വഴി പനാബിളിത്തോട് കടന്ന് വരുമ്പോള്‍ കാലില്‍ ചെറിയ തരിപ്പ് അനുഭവപ്പെട്ടു. ഈ സമയം തലയിലെ വിറക് നിലത്ത് വെച്ചശേഷം എന്താണ് സംഭവിച്ചതെന്ന് തിരക്കാന്‍ കുനിയുന്നതിനിടെ തന്‍െറ ഒപ്പമുണ്ടായിരുന്നവര്‍ വിറകുകെട്ടുമായി നിലത്ത് വീഴുന്നതും നിലത്തുകിടന്ന് പിടയുന്നതുമാണ് കണ്ടത്. എന്നാല്‍, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. പിന്നീട് ഷോക്കേല്‍ക്കുന്നതായി മനസ്സിലാക്കിയ വനിത രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടൊപ്പം കുഞ്ഞുമായി രക്ഷാപ്രവര്‍ത്തനം നടത്താനും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ ഷോക്കേറ്റ് ദൂരേക്ക് തെറിച്ചുവീണ തന്‍െറ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയടുത്തെങ്കിലും ആര്‍ക്കും തങ്ങളുടെ അടുക്കലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, കുഞ്ഞിനെയെങ്കിലും രക്ഷിക്കണമെന്ന തീരുമാനത്തില്‍ പിറകോട്ട് ഓടി. ഇതിനിടയില്‍ വീഴുകയും ബോധം പോകുകയുമായിരുന്നു. പിന്നീട് വാഹനത്തില്‍ തന്നെ ആനക്കുളത്തേക്ക് കൊണ്ടുവന്നപ്പോഴാണ് ബോധം വന്നത്. എന്നാല്‍, താന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ് ഇവര്‍ക്ക്. ആശുപത്രിയില്‍ എത്തുകയും കൂടെയുണ്ടായിരുന്നവര്‍ മരിച്ചതായി വിവരം അറിയുകയും ചെയ്തതോടെ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്ന വനിതയെ ആശ്വസിപ്പിക്കാന്‍ ആശുപത്രി ജീവനക്കാര്‍ക്കോ കൂടെ നിന്നവര്‍ക്കോ ബന്ധുക്കള്‍ക്കോ കഴിയുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.