‘ഞങ്ങള്‍ പറയുന്നത് കേട്ട് എല്ലാവരും കരഞ്ഞു; എന്നിട്ടും ശമ്പളം 301 രൂപ’

തൊടുപുഴ: ‘കരഞ്ഞുകൊണ്ട് ഞങ്ങള്‍ ജീവിത പ്രശ്നങ്ങള്‍ പറയുന്നത് കേട്ട് കരഞ്ഞവരില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തൊഴില്‍ മന്ത്രി വരെയുമുണ്ട്. എന്തിന് കമ്പനി പോലും കരയുന്നു. കമ്പനി നഷ്ടത്തിലാണെന്ന് പറഞ്ഞ് കരയുന്നവരുമുണ്ട്. പക്ഷേ, എന്ത് ചെയ്യാം ഞങ്ങള്‍ക്ക് കൂലി നിശ്ചയിച്ചപ്പോള്‍ വെറും 301രൂപ മാത്രം’- കുറിക്ക് കൊള്ളുന്ന ഭാഷയില്‍ ആക്ഷേപ ഹാസ്യം പ്രയോഗിച്ചത് പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണിയാണ്. കമ്പനിയുടെയും ട്രേഡ് യൂനിയനുകളുടെയും ഒത്തുകളി കണ്ടു സഹികെട്ട സ്ത്രീ തൊഴിലാളികള്‍ സ്വയം സമരരംഗത്തിറങ്ങിയതാണ്. കമ്പനി ഏകപക്ഷീയമായി ബോണസ് വെട്ടിക്കുറച്ചപ്പോള്‍ ഉണ്ടായ നേതാക്കളുടെ പ്രതികരണമാണ് തൊഴിലാളികളെ യൂനിയനുകളില്‍നിന്ന് അകറ്റിയത്. പെരിയവരൈ എസ്റ്റേറ്റിലെ സ്ത്രീകളാണ് ആദ്യം പ്രതിഷേധവുമായി വന്നത്. പിന്നാലെ ലക്ഷ്മി എസ്റ്റേറ്റിലെ തൊഴിലാളികളുമത്തെി. ക്രമേണ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി ഒമ്പതു നാള്‍ മൂന്നാര്‍ സ്തംഭിപ്പിച്ചു. സമരത്തിന് പുറത്തുനിന്നുള്ള ആരുടെയും സഹായം ലഭിച്ചില്ല. ആദ്യം വ്യാപാരി സംഘടനയും മറ്റും ഭക്ഷണവും വെള്ളവും തന്നു സഹായിച്ചിരുന്നു. പിന്നീട് ട്രേഡ് യൂനിയനുകള്‍ ഭീഷണിപ്പെടുത്തി അത് നിര്‍ത്തിപ്പിച്ചു. ഒമ്പതു നാളത്തെ തങ്ങളുടെ സമരം ബോണസ് പ്രശ്നത്തില്‍ വിജയം കണ്ടപ്പോഴാണ് കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന് തിരിച്ചറിഞ്ഞ ട്രേഡ് യൂനിയനുകള്‍ ഗത്യന്തരമില്ലാതെ സമരത്തിനിറങ്ങിയത്. ‘പെമ്പിളൈ ഒരുമൈ എന്ന് പ്രസ്ഥാനത്തിന് പേര് നല്‍കിയത് വരെ മാധ്യമങ്ങളാണ്. വിഷമം കൊണ്ട് ഞങ്ങള്‍ വായില്‍ തോന്നിയതെല്ലാം വിളിച്ച് പറയുകയായിരുന്നു. അവയൊന്നും മുദ്രാവാക്യങ്ങളായിരുന്നില്ല. എന്നാല്‍, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവ മുദ്രാവാക്യങ്ങളായി. പിന്നീട് സമരനാളുകളില്‍ രാത്രി കിടക്കാന്‍ നേരം ഞങ്ങള്‍ ചര്‍ച്ച ചെയ്ത് പുതിയ മുദ്രാവാക്യങ്ങളുണ്ടാക്കി. പൊലീസും ഞങ്ങളുടെ സമരത്തോട് സഹകരിച്ചു’-അവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.