സി.പി.എം പരാതിയില്‍ എസ്.എന്‍.ഡി.പി യൂനിയന് തെരഞ്ഞെടുപ്പ് കമീഷന്‍െറ നോട്ടീസ്

ചങ്ങനാശേരി: സി.പി.എം നല്‍കിയ പരാതിയില്‍ എസ്.എന്‍.ഡി.പി ചങ്ങനാശേരി യൂനിയന് തെരഞ്ഞെടുപ്പ് കമീഷന്‍െറ നോട്ടീസ്. എസ്.എന്‍.ഡി.പിയുടെ തെരഞ്ഞെടുപ്പ് നോട്ടീസില്‍ സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാണ് പരാതി. സി.പി.എം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.വി. റസ്സലാണ് പരാതി നല്‍കിയത്. ‘നമ്മുടെ ദൈവമായ ശ്രീനാരായണ ഗുരുവിനെ നിന്ദയോടുകൂടി ആക്ഷേപിച്ച സി.പി.എമ്മിന് തക്ക ശിക്ഷ നല്‍കണ’മെന്ന നോട്ടീസിലെ പരാമര്‍ശമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ബുധനാഴ്ച വൈകീട്ട് മൂന്നിന് ചങ്ങനാശേരി എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റും സെക്രട്ടറിയും നോട്ടീസ് അച്ചടിച്ച പ്രസിന്‍െറ ഉടമയും തെരഞ്ഞെടുപ്പ് കമീഷന്‍ മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു. ഇല്ളെങ്കില്‍ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. കേരള പഞ്ചായത്തീരാജ് ആക്ട് 126(ബി) വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് ലഘുലേഖയില്‍ പ്രസാധകന്‍െറ പേര് പ്രദര്‍ശിപ്പിക്കണമെന്നത് പാലിച്ചിട്ടില്ളെന്ന് സി.പി.എം പരാതിയില്‍ ആരോപിച്ചു. എസ്.എന്‍.ഡി.പിയുടെ ഭരണഘടന അനുസരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം യോഗം പ്രവര്‍ത്തനത്തിന്‍െറ ഭാഗമല്ല. ബി.ജെ.പിക്ക് അനര്‍ഹമായ നേട്ടങ്ങളുണ്ടാക്കാന്‍ അതിന്‍െറ ഓഫിസ്, വാഹനങ്ങള്‍, ഗുരുമന്ദിരങ്ങള്‍, പണം, കുടുംബയൂനിറ്റുകള്‍, മൈക്രോഫിനാന്‍സ് യൂനിറ്റുകള്‍ എന്നിവയും ദുരുപയോഗിക്കുന്നു. കോട്ടയം ജില്ലയിലെ മറ്റു യൂനിയനുകളും ശാഖകളും ഇതേ രീതിയില്‍ എസ്.എന്‍.ഡി.പി.യുടെ കൊടി കെട്ടിവെച്ച് തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്തുകയാണെന്നും പരാതിയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.