തെരഞ്ഞെടുപ്പിനുശേഷം സ്വന്തം പാര്‍ട്ടിയും ട്രേഡ് യൂനിയനും –പെമ്പിളൈ ഒരുമൈ

തൊടുപുഴ: പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയ പാര്‍ട്ടിയും ട്രേഡ് യൂനിയനുമുണ്ടാക്കുമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തങ്ങള്‍ മത്സരിക്കുന്ന മുഴുവന്‍ സീറ്റിലേക്കും വിജയിക്കുമെന്നും പെമ്പിളൈ ഒരുമൈ പ്രസിഡന്‍റ് ലിസി സണ്ണിയും സെക്രട്ടറി രാജേശ്വരി ജോളിയും ഇടുക്കി പ്രസ്ക്ളബ് സംഘടിപ്പിച്ച ‘നേതാവ്, നിലപാട്’ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. സംഘടനയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കാത്തിടത്ത് ഒരു കക്ഷിക്കും പിന്തുണയില്ല. അവിടങ്ങളില്‍ അംഗങ്ങള്‍ക്ക് മന$സാക്ഷി വോട്ട് ചെയ്യാം. കോണ്‍ഗ്രസിനെ പിന്തുണക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപിന്തുണ അനുകൂലമെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പല തോട്ടങ്ങളിലും ഊരുവിലക്ക് നേരിടുകയാണ്. പഴയ ഗ്രാമമുഖ്യന്മാരുടെ റോളാണ് തോട്ടങ്ങളിലെ സബ്ഡിവിഷന്‍ കണ്‍വീനര്‍മാര്‍ക്ക്. തന്‍െറ വീട്ടിലെ മരണത്തിലോ വിവാഹത്തിലോ ആരും പങ്കെടുക്കരുതെന്ന ശാസന ഇവര്‍ തൊഴിലാളികള്‍ക്ക് നല്‍കിയെന്നും ലിസി സണ്ണി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരി ക്കാനും നേതാവ് ചമയാനുമാണ് തങ്ങളുടെ പരിപാടിയെന്ന് പറഞ്ഞുപരത്തിയ ട്രേഡ് യൂനിയന്‍ നേതാക്കളാണ് വാസ്തവത്തില്‍ പെമ്പിളൈ ഒരുമൈയെ മത്സരത്തിലേക്ക് തള്ളിവിട്ടത്. മറ്റുള്ളവരെ വിലക്കിയപ്പോഴും എം.എല്‍.എ എന്ന നിലയിലാണ് ഇ.എസ്. ബിജിമോളെ സമരസ്ഥലത്ത് പ്രവേശിപ്പിച്ചത്. എന്നാല്‍, സി.പി.ഐ നേതാവ് സി.എ. കുര്യന്‍െറ നിര്‍ദേശപ്രകാരമാണ് ബിജിമോള്‍ എത്തിയതെന്ന് അറിഞ്ഞപ്പോള്‍ അവരുമായുള്ള സഹകരണം നിര്‍ത്തി. പാര്‍ട്ടി വിലക്കിയിട്ടും സ്വന്തം ഇഷ്ടപ്രകാരം എത്തിയതാണെന്ന് പറഞ്ഞപ്പോഴാണ് കെ.പി.സി.സി സെക്രട്ടറി ലതിക സുഭാഷിനെ സ്വീകരിച്ചത്. മുഖ്യമന്ത്രിയെയും തൊഴില്‍മന്ത്രിയെയും കാണാന്‍ അവസരം ഉണ്ടാക്കിത്തന്നത് അവരാണ്. യൂനിയനുകളും സര്‍ക്കാറും മാനേജ്മെന്‍റുകളും ഗൂഢാലോചന നടത്തിയാണ് 301 രൂപ വേതനം എന്ന ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത്. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരമില്ലാതിരുന്ന പെമ്പിളൈ ഒരുമൈ ഈ തീരുമാനം ഗത്യന്തരമില്ലാതെ അംഗീകരിക്കുകയായിരുന്നു. കൂടുതല്‍ നുള്ളുന്ന കൊളുന്തിന് കിലോക്ക് അഞ്ചു രൂപ ലഭിക്കണം. ഇത് കിട്ടിയില്ളെങ്കില്‍ തെരഞ്ഞെടുപ്പിനുശേഷം മെല്ളെപ്പോക്ക് സമരം ആരംഭിക്കും. ദേവികുളം മണ്ഡലത്തിലെ 33 വാര്‍ഡുകളില്‍ സംഘടന മത്സരരംഗത്തുണ്ട്. ദേവികുളം, മൂന്നാര്‍, പള്ളിവാസല്‍ ഗ്രാമപഞ്ചായത്തുകളിലായി 26 വാര്‍ഡുകളിലും ദേവികുളം ബ്ളോക്കിലെ ആറു ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് മൂന്നാര്‍ ഡിവിഷനിലും മത്സരിക്കുന്നുണ്ട്. പണക്കൊഴുപ്പോ രാഷ്ട്രീയ പിന്‍ബലമോ ഇല്ലാതെ കടുത്ത പരിമിതികളെ നേരിട്ടാണ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. പ്രവര്‍ത്തകരുടെ കഴുത്തിലും കാതിലുമുള്ളത് പണയം വെച്ചാണ് നോട്ടീസ് അടിച്ചത്. പണമില്ലാത്തതിനാല്‍ ഫ്ളക്സ് ബോര്‍ഡുകള്‍ അടിക്കാന്‍ കഴിഞ്ഞിട്ടില്ല. നോട്ടീസിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തിരിച്ചറിയാന്‍ പോലും പറ്റില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍െറ പേരില്‍ തര്‍ക്കമുണ്ടായെന്ന കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍ അണികള്‍ നഷ്ടമായ ട്രേഡ് യൂനിയനുകളാണെന്നും അവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.