ഇരുതലമൂരിയെ പിടിച്ച അസം സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കുമളി: ഇരുതലമൂരി പാമ്പിനെ പിടികൂടി പ്ളാസ്റ്റിക് കുപ്പിയിലാക്കി സൂക്ഷിച്ച ഹോട്ടല്‍ ജീവനക്കാരെ വനപാലകര്‍ പിടികൂടി. അസം സ്വദേശിയും ക്ളീനിങ് തൊഴിലാളിയുമായ രമാ ഹജഢ (40), ഹോട്ടലിലെ പാചകക്കാരനായ തൂക്കുപാലം സ്വദേശി സുനില്‍ (41) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് ഹോട്ടലില്‍ പരിശോധന നടത്തി പാമ്പിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. വന്യജീവി സംരക്ഷണനിയമം ഷെഡ്യൂള്‍ നാലു പ്രകാരം സംരക്ഷിക്കുന്ന ജീവിയാണ് ഇരുതലമൂരി. ഇടക്കാലത്ത് തമിഴ്നാട് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പാമ്പിനെ പിടികൂടി വിദേശരാജ്യങ്ങളിലേക്ക് കടത്തുന്നത് വലിയ പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു. നക്ഷത്ര ആമകളെയും ഇരുതല പാമ്പിനെയും വീടുകളില്‍ സൂക്ഷിക്കുന്നത് ഐശ്വര്യമുണ്ടാക്കുമെന്ന വിശ്വാസത്തിനൊപ്പം ഇരുതലമൂരിയെ ലൈംഗിക ഉത്തേജക മരുന്നിനായും കടത്തിയിരുന്നതായാണ് വിവരം. പാമ്പ് കടത്ത് വ്യാപകമായതോടെ ഇതിനെതിരെ ശക്തമായ പ്രചാരണവും നടപടികളുമാണ് വനംവകുപ്പ് ആരംഭിച്ചത്. കുമളി തേക്കടി കവലയിലെ ഹോട്ടലില്‍ ഉടമകളറിയാതെയാണ് അസം സ്വദേശി പാമ്പിനെ പിടികൂടി പ്ളാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. അസമില്‍ പാമ്പുകളെ ഭക്ഷിക്കുന്നത് പതിവാണെന്ന് പ്രതി വനപാലകരോട് പറഞ്ഞു. തേക്കടി റെയ്ഞ്ച് ഓഫിസര്‍ സജീവന്‍െറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.