നാഗമ്പടം റെയില്‍വേ മേല്‍പാലത്തിലെ അപ്രോച്ച് റോഡ് ഇടിഞ്ഞു

കോട്ടയം: നാഗമ്പടത്തെ മേല്‍പാലം നിര്‍മിക്കുന്നതിന് സമീപത്തെ നാഗമ്പടം-പനയക്കഴപ്പ്-ചുങ്കം അപ്രോച്ച് റോഡ് നൂറുമീറ്ററിലേറെ ഇടിഞ്ഞുതകര്‍ന്നു. പ്രദേശത്ത് താമസിക്കുന്ന 150ഓളം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായ റോഡിലെ ഗതാഗതം പൂര്‍ണമായും നിലച്ചു. വ്യാഴാഴ്ച വൈകീട്ട് 4.15നാണ് സംഭവം. ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള ചെറിയവാഹനങ്ങള്‍ കടന്നുപോയതിന്‍െറ തൊട്ടുപിന്നാലെയാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. കലക്ട്രേറ്റിലെ വാട്ടര്‍ അതോറിറ്റി ഓഫിസിലെ പ്രധാന ടാങ്കില്‍നിന്ന് എത്തുന്ന പൈപ്പ്ലൈന്‍ പൊട്ടി വെള്ളം ഒഴുകിയതാണ് റോഡ് തകരാന്‍ കാരണം. ഇതോടെ, പ്രദേശത്തേക്കുള്ള കുടിവെള്ളവിതണവും മുടങ്ങി. റെയില്‍വേ എന്‍ജിനീയര്‍ അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ സ്ഥലംസന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മേല്‍പാലത്തിന്‍െറ നിര്‍മാണത്തിനായി അപ്രോച്ച് റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ച ജനറേറ്ററും ഗതാഗതത്തിന് തടസ്സമായിനില്‍ക്കുന്ന വൈദ്യുതി പോസ്റ്റും മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിച്ച് റോഡിന് വീതികൂട്ടി ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് തീരുമാനം. അതിനുമുമ്പ് മണ്ണെടുത്ത് പൈപ്പ്ലൈന്‍ തകരാറും പരിഹരിക്കണം. പൂജയുടെ ഭാഗമായി തൊഴിലാളികള്‍ എല്ലാവരും അവധിയിലായതിനാല്‍ റോഡ് പുന$സ്ഥാപിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ നീളാനാണ് സാധ്യത. അതുവരെ കുടിവെള്ളം കിട്ടാതെയും ഗതാഗതതടസ്സവും ദുരിതംവിതക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. നഗരസഭ 13ാം വാര്‍ഡ് (നാഗമ്പടം നോര്‍ത്)എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജിതേഷ് ജെ. ബാബുവിന്‍െറ നേതൃത്വത്തില്‍ ചുവന്നനിറത്തിലെ കുടം വാങ്ങി അപകടമുന്നറിപ്പ് നല്‍കിയും പ്ളാസ്റ്റിക് ചരടുകെട്ടിയും തകര്‍ന്ന റോഡിലെ ഗതാഗതം നാട്ടുകാര്‍ നിരോധിച്ചു. വീണ്ടുകീറിയ റോഡ് ഏതുനേരവും നിലപൊത്തുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. മുന്‍കരുതലും ആവശ്യമായ സുരക്ഷയും ഒരുക്കാതെ റെയില്‍വേ അധികൃതരുടെ മേല്‍പാല നിര്‍മാണത്തിന്‍െറ ഭാഗമായി നേരത്തേ എം.സി റോഡിലെയും അപ്രോച്ച് റോഡിലെയും മണ്ണ് വന്‍തോതില്‍ ഇടിഞ്ഞ് അപകടഭീഷണി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ബലക്ഷയം നേരിട്ട ഭാഗം ഇരുമ്പുതൂണുകള്‍ സ്ഥാപിച്ച് സംരക്ഷിച്ചു. അപകടഭീഷണിക്ക് താല്‍ക്കാലിക പരിഹാരമായി മണ്ണിടിഞ്ഞ ഭാഗത്ത് പാറപ്പൊടിനിറച്ച ചാക്കുകള്‍ അടുക്കിയയിടത്തും ഇരുമ്പുപാളികള്‍ കൂടുതല്‍ സ്ഥാപിച്ച പ്രദേശത്തുമാണ് വീണ്ടും റോഡ് വിണ്ടുകീറിയത്. മൂന്നുവരിയുള്ള പുതിയപാലം നിര്‍മിക്കുന്നതിന്‍െറ തൂണുകള്‍ നിര്‍മിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള നിര്‍മാണകമ്പനിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതല റെയില്‍വേ കണ്‍സ്ട്രഷന്‍ ഓര്‍ഗനൈസേഷനാണ്. ഒരുപാതമാത്രം കടന്നുപോകുന്ന തരത്തിലാണ് നിലവിലെ പാലമുള്ളത്. വരുംകാലത്തെ വികസനം മുന്നില്‍കണ്ട് ആറ് റെയില്‍വേ പാതകള്‍ക്ക് സഞ്ചരിക്കാവുന്ന വിധത്തിലാണ് പുതിയ പാലത്തിന്‍െറ നിര്‍മാണം. 300 മീറ്റര്‍ നീളത്തില്‍ പൂര്‍ത്തിയാക്കുന്ന പുതിയപാലത്തിന്‍െറ 240മീറ്ററും അപ്രോച്ച്റോഡുകള്‍ക്കായി മാറ്റിവെക്കും. ഫുട്പാത്ത് ഉള്‍പ്പെടെ 14മീറ്റര്‍ വീതിയും ഉണ്ടാകും. വീതികുറഞ്ഞ പഴയപാലം കാല്‍നടക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് നഗരത്തില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. ഇതിനൊപ്പം കണ്ടയ്നര്‍ ഉള്‍പ്പെടെയുള്ള ഭാരവണ്ടികള്‍ പാലത്തില്‍ കുടുങ്ങുന്നതും പതിവായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.