വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ പ്രതി റിമാന്‍ഡില്‍

എരുമേലി: വിവാഹ വാഗ്ദാനം നല്‍കി വിധവയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ അറസ്റ്റിലായ കൊല്ലം സ്വദേശി റിമാന്‍ഡില്‍. കൊല്ലം തങ്കശേരി വലിയതറയില്‍ വില്‍സണ്‍ എന്ന വില്‍സണ്‍ ബെന്‍ (62) ആണ് കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. എരുമേലി നെടുംങ്കാവുവയല്‍ പുത്തന്‍പുരക്കല്‍ അന്നമ്മ ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സൗദിയില്‍ ജോലിയുണ്ടായിരുന്ന വിധവയായ അന്നമ്മയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ഇവിടെവെച്ച് ഇയാള്‍ 7.25 ലക്ഷം രൂപ കടംവാങ്ങുകയായിരുന്നത്രെ. കൊല്ലം എസ്.ബി.ടി ബാങ്ക് വഴിയും വെസ്റ്റേണ്‍ മണി ട്രാന്‍സ്ഫര്‍ വഴിയും പണം കൈമാറിയതിന്‍െറ തെളിവുകളും അന്നമ്മയുടെ പക്കലുണ്ട്. എന്നാല്‍, വിവാഹം കഴിക്കാനോ വാങ്ങിയ പണം തിരികെ നല്‍കാനോ വില്‍സണ്‍ തയാറാവാതായതോടെ അന്നമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊല്ലത്ത് കുടുംബ സമേതം വാടകവീട്ടില്‍ താമസിക്കുന്ന വില്‍സണെ എരുമേലി എസ്.ഐ കെ.ആര്‍. സതീഷ്കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘവും കൊല്ലത്തെ പൊലീസ് സ്ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.