സ്ഫോടകവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലുപേര്‍ അറസ്റ്റില്‍

കോട്ടയം: ആര്‍പ്പൂക്കരയില്‍ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം നടത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. ഇത്തിത്താനം ഇളങ്കാവ് വടക്കേക്കുറ്റ് മിഥുന്‍ തോമസ് (27), പെരുമ്പായിക്കാട് വല്യാലുംചുവട് പടിയത്തുകാലായില്‍ വിനോദ് (33), പെരുമ്പായിക്കാട് പള്ളിപ്പുറം കുരുന്നനക്കാല ബിജു (35), പെരുമ്പായിക്കാട് മടുക്കമുകളേല്‍ ചിലമ്പത്തുശേരി ജിന്‍സ്മോന്‍ (34) എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് കസ്തൂര്‍ബ-അങ്ങാടി റോഡില്‍ അങ്ങാടിപ്പടിക്ക് സമീപമാണ് കേസിനാസ്പദമായ സംഭവം. വടിവാള്‍ വീശിയും നാടന്‍ ബോംബെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തിന്‍െറ ആക്രമണത്തില്‍ ആര്‍പ്പൂക്കര കോട്ടുതറയില്‍ ജോയി അഗസ്തി (58), കുടമാളൂര്‍ സ്വദേശി റെജി (55) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ജോയിയുടെ മകന്‍ ജോബിയും സുഹൃത്തുക്കളും സ്റ്റാര്‍ട്ടാകാത്ത കാര്‍ റോഡിലൂടെ തള്ളിനീക്കുമ്പോള്‍ അക്രമികള്‍ അതുവഴി കാറിലത്തെി. റോഡിനുവീതി കുറവായതിനാല്‍ കാറിനു കടന്നുപോകാന്‍ സാധിച്ചില്ല. പെട്ടെന്നു കാര്‍ തള്ളിനീക്കാന്‍ സംഘം ജോബിയോട് ആവശ്യപ്പെട്ടു. കാര്‍ കേടായെന്നും തള്ളിനീക്കട്ടെയെന്നുമുള്ള മറുപടിയില്‍ പ്രകോപിതരായ സംഘം കാറില്‍നിന്ന് ഇറങ്ങി ജോബിയെ മര്‍ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരത്തെിയപ്പോള്‍ നാലംഗ സംഘം വടിവാള്‍ വീശിയും ബോംബെറിഞ്ഞും ഭയപ്പെടുത്തി ഓടി രക്ഷപ്പെട്ടു. ഇവിടെ നിന്ന് മുങ്ങിയ സംഘത്തെ രാത്രി പന്ത്രണ്ടോടെ ഗാന്ധിനഗര്‍ മാലി ഭാഗത്തുനിന്ന് പൊലീസ് കണ്ടത്തെി. പൊലീസിനെ കണ്ടതോടെ വടിവാള്‍ വീശി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ ബിജു ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ വടവാതൂരിലെ സിമന്‍റ് ഗോഡൗണില്‍നിന്ന് ഇയാളെ പിടികൂടി. നിരവധി ആക്രമണങ്ങളിലെ പ്രതികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശേരി, തിരുവല്ല, മാന്നാര്‍ കേന്ദ്രീകരിച്ച സംഘം ഇത്തരത്തിലൊരു കേസുമായി ബന്ധപ്പെട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഘത്തില്‍നിന്ന് മൂന്നു വടിവാള്‍, ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വെടിമരുന്ന് എന്നിവ പിടിച്ചെടുത്തു. പാറമടകളില്‍നിന്ന് ശേഖരിക്കുന്ന വെടിമരുന്ന് ഉപയോഗിച്ച് ബിജുവാണ് നാടന്‍ ബോംബ് നിര്‍മിച്ചത്. കോട്ടയം ഡിവൈ.എസ്.പി വി. അജിത്, ഈസ്റ്റ് സി.ഐ എ.ജെ. തോമസ്, ഗാന്ധിനഗര്‍ എസ്.ഐ എം.ജെ. അരുണ്‍, അഡീഷനല്‍ എസ്.ഐ മനുക്കുട്ടന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അനില്‍ കുമാര്‍, ഡ്രൈവര്‍ നെജി, എ.എസ്.ഐമാരായ പി.കെ. സജിമോന്‍, ജസ്റ്റിന്‍ എസ്. മണ്ഡപം, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ ഡി.സി. വര്‍ഗീസ്, പി.എന്‍. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.