വിദേശത്ത് ജോലി വാഗ്ദാനം നല്‍കി 2.60 കോടി തട്ടിയയാള്‍ കുടുംബസമേതം മുങ്ങി

കോട്ടയം: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി 2.60 കോടിയോളം തട്ടിപ്പ് നടത്തിയയാള്‍ കുടുംബസമേതം മുങ്ങിയതായി ഇരകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇംഗ്ളണ്ടിലെ ആശുപത്രിയിലേക്ക് ഇലക്ട്രീഷ്യന്‍, അറ്റന്‍ഡര്‍, കുക്ക്, സെക്യൂരിറ്റി തുടങ്ങിയ തസ്തികളിലേക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ആര്‍പ്പൂക്കര കിഴക്കേക്കര കെ.ജി. സത്യനും ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബമാണ് മുങ്ങിയത്. ബന്ധുക്കളും സുഹൃത്തുക്കളും മുഖേന വാങ്ങിയെടുത്ത പണമാണ് അപഹരിച്ചത്. ഇതുസംബന്ധിച്ച് ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇംഗ്ളണ്ടിലെ ആശുപത്രിയില്‍ നഴ്സിങ് ജോലിയും മറ്റും വാഗ്ദാനം നല്‍കി 45 പേരില്‍നിന്ന് ജനുവരി മുതലാണ് പണം കൈക്കലാക്കിയത്. ബന്ധുക്കളും സുഹൃത്തുക്കളും മുഖേന വീട്ടിലെ ഓഫിസ് കേന്ദ്രമാക്കിയായിരുന്നു തട്ടിപ്പ്. കിടപ്പാടവും സ്വര്‍ണവും പണയപ്പെടുത്തിയും ബ്ളേഡുകാരില്‍നിന്ന് ഉയര്‍ന്ന നിരക്കില്‍ പലിശക്ക് വായ്പയെടുത്തുമാണ് പലരും പണം നല്‍കിയത്. ഇവരോട് വിസ വാങ്ങാന്‍ സെപ്റ്റംബര്‍ 30ന് എത്തണമെന്നും നിര്‍ദേശിച്ചിരുന്നു. ചൈന്നെയില്‍നിന്നാണ് പോകുന്നതെന്നും പറഞ്ഞു. ഇതനുസരിച്ച് എത്തിയവര്‍ കബളിപ്പിക്കപ്പെട്ടപ്പോള്‍ പാമ്പാടി സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് സത്യനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. എല്ലാവരുടെയും പണം തിരികെ നല്‍കാമെന്ന് സ്റ്റേഷനില്‍ എഴുതി നല്‍കിയ ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍ വിട്ടയക്കുകയും പിറ്റേന്ന് പണം നല്‍കാനുള്ളവര്‍ക്ക് 100 രൂപ മുദ്രപ്പത്രത്തില്‍ എഴുതി നല്‍കുകയും ചെയ്തു. ഇതിനുശേഷമാണ് കുടുംബസമേതം മുങ്ങിയത്. ഫോണ്‍ വിളിച്ചിട്ട് കിട്ടാതായതോടെ വീട്ടിലത്തെിയപ്പോഴാണ് മുങ്ങിയ വിവരം അറിഞ്ഞത്. പലരുടെയും പാസ്പോര്‍ട്ടും ബന്ധപ്പെട്ട രേഖകളും തിരിച്ചുകിട്ടാനുമുണ്ട്. ജനുവരി മുതല്‍ പണം നല്‍കിയവരില്‍ വിദേശരാജ്യങ്ങളിലെ ജോലി രാജിവെച്ച് വഞ്ചിതരായവരുമുണ്ട്. വെച്ചൂര്‍ സ്വദേശിനി സന്ധ്യ സജി -325000, ആര്‍പ്പൂക്കര സ്വദേശികളായ പി.കെ. ദിദീ -410000, ലിനി മാത്യു -468000, എ.പി. പ്രകാശന്‍ -450000, എല്‍.ജെ. വിഷ്ണു -465000, ഡെയ്സി ദേവസ്യ -465000, കെ.വി. വിപിന്‍ -800000, ഗീതു -450000, റെബി-260000, അഭിലാഷ്-580000 എന്നിവരില്‍നിന്ന് പണം വാങ്ങിയെടുത്തെന്നും ഇവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.