കട്ടപ്പനയില്‍ ഇരുമുന്നണിക്കും സീറ്റ് വിഭജനം തലവേദന

കട്ടപ്പന: ഘടകകക്ഷികളുടെ കടുംപിടിത്തം കാരണം കട്ടപ്പന നഗരസഭയില്‍ സീറ്റ് വിഭജനം ഇരുമുന്നണിക്കും തലവേദനയാകുന്നു. തിങ്കളാഴ്ച സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്ന് ഇരുമുന്നണിയും അവകാശപ്പെട്ടിരുന്നെങ്കിലും വൈകീട്ടുവരെ ഇക്കാര്യത്തില്‍ തീരുമാനമായില്ല. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ സീറ്റിനുവേണ്ടി ചര്‍ച്ച പലവട്ടം നടത്തിയെങ്കിലും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസ് 16 സീറ്റിനുവേണ്ടി കടുംപിടിത്തം തുടരുന്നതാണ് കോണ്‍ഗ്രസിനെ വിഷമവൃത്തത്തിലാക്കുന്നത്. 14 സീറ്റുകള്‍വരെ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറാണ്. അവശേഷിക്കുന്ന 20 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കും. ഒരു സീറ്റ് മുസ്ലിംലീഗിന് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്. എല്‍.ഡി.എഫില്‍ സിപി.എമ്മും സി.പി.ഐയും തമ്മില്‍ സീറ്റുകളുടെ കാര്യത്തില്‍ ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഹൈറേഞ്ച് സംരക്ഷണ സമിതി സമിതിയുമായുള്ള സീറ്റ് ധാരണയും വൈകുകയാണ്. സമിതിക്ക് 11 സീറ്റും സി.പി.ഐക്ക് എട്ടു സീറ്റും സി.പി.എമ്മിന് 11 സീറ്റും ഘടകകക്ഷികള്‍ക്ക് അഞ്ചു സീറ്റും നല്‍കാനാണ് ആലോചിക്കുന്നത്. എന്നാല്‍, സമിതിക്ക് 11 സീറ്റ് നല്‍കുന്നതില്‍ സി.പി.ഐക്ക് എതിര്‍പ്പുണ്ട്. ഇതുമൂലം അവസാന ധാരണ വൈകുകയാണ്. ബി.ജെ.പിയും എസ്.എന്‍.ഡി.പിയും തമ്മില്‍ ചില നീക്കുപോക്കുകള്‍ നടത്തി സീറ്റ് ധാരണയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ടോടെ അവസാന ലിസ്റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത്. എട്ടു സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് എസ്.എന്‍.ഡി.പി ശ്രമിക്കുന്നത്. ബി.ജെ.പിയാകട്ടെ ജയസാധ്യതയുള്ള പൊതുസമ്മതരെ സ്ഥാനാര്‍ഥിയാക്കാനാണ് പരിശ്രമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.