നാടിനെയാകെ കണ്ണീരണിയിച്ച് മനുഷ്യസ്നേഹിയുടെ വേര്‍പാട്

മുണ്ടക്കയം: റോജിക്ക് നവജീവന്‍ നല്‍കാന്‍ കരളിന്‍െറ പാതി നല്‍കി മനുഷ്യത്വത്തിനു ഉത്തമ മാതൃക കാട്ടിയ മനുഷ്യസ്നേഹി യാത്രയായി. പാറത്തോട് പുത്തന്‍പുരക്കല്‍ റോജി ജോസഫിന്‍െറ (44) ജീവന്‍ രക്ഷിക്കാന്‍ തന്‍െറ കരളിന്‍െറ 60 ശതമാനം നല്‍കിയ കാഞ്ഞിരപ്പള്ളി ബ്ളോക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കോരുത്തോട് കുറ്റിക്കാട്ടില്‍ കുഞ്ചാക്കോയാണ് (54) മരണത്തിന് കീഴടങ്ങിയത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി കാല്‍ നൂറ്റാണ്ട് ജോലി ചെയ്തിരുന്ന റോജി കരള്‍ സംബന്ധമായ രോഗംമൂലം ആറുമാസമായി ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ ജീവന്‍ രക്ഷിക്കാനാവൂയെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നാട്ടുകാര്‍ ലക്ഷങ്ങള്‍ ഇതിനായി സമാഹരിച്ചിരുന്നു. കരള്‍ നല്‍കാനായി സ്വമനസ്സുകള്‍ക്കായി അലയുന്നതിനിടയിലാണ് കുഞ്ചാക്കോ കുറ്റിക്കാട്ടില്‍ (54) ഇത് സംബന്ധിച്ച് അറിയുന്നത്. ബന്ധുക്കള്‍ പോലും മനസ്സുകാട്ടാന്‍ തയാറാകാത്ത ഈ കാലത്ത് കുഞ്ചാക്കോയുടെ സന്നദ്ധതയെ നാടൊന്നാകെ അഭിമാനത്തോടെ സ്വീകരിക്കുകയായിരുന്നു. കുഞ്ചാക്കോയും ഭാര്യ ലിസമ്മ, മക്കളായ സുമി, പൊന്നി, എബിന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു സമ്മത പത്രം നല്‍കിയത്. കരളിന്‍െറ പാതി നല്‍കിയാല്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ അത് പുണ്യമാവുമെന്നായിരുന്നു ഈ കുടുംബം പറഞ്ഞത്. എന്നാല്‍, തങ്ങളുടെ നാഥന്‍െറ വേര്‍പാട് ഉണ്ടാവുമെന്ന് ഒരിക്കലും ഇവര്‍ കരുതിയിരുന്നില്ല. കരളിന്‍െറ 60 ശതമാനം വരുന്ന 800 ഗ്രാമാണ് പകുത്ത് നല്‍കിയത്. പത്രങ്ങളില്‍ മുഖേന കരള്‍ മാറ്റം സംബന്ധിച്ച് വായിച്ചറിഞ്ഞ കുഞ്ചാക്കോ റോജിയുടെ കദനകഥ കൂടി കേട്ടതോടെ തന്‍െറ ജീവന് ഒരു ശതമാനം അപകടം വരുന്നതാണങ്കിലും നല്ലമനസ്സോടെ സമ്മതം അറിയിക്കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 16ന് എറണാകുളം അമൃത ആശുപത്രിയിലത്തെി അഡ്മിറ്റാവുകയും തൊട്ടടുത്ത ദിവസം ശസ്ത്രക്രിയയിലൂടെ പകുത്ത കരള്‍ റോജിയുടെ ശരീരത്തിലേക്ക് ഡോ. സുധീന്ദ്രന്‍െറ നേതൃത്വത്തില്‍ ചേര്‍ക്കുകയുമായിരുന്നു. ശസ്ത്രക്രിയക്കു ശേഷം 23ന് കുഞ്ചാക്കോ മുണ്ടക്കയത്തെ മാധ്യമപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ഫോണില്‍ വിളിച്ചിരുന്നു. താന്‍ ആരോഗ്യവാനാണെന്നും ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നതായും അന്ന് പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.