മുതിര്‍ന്ന പൗരന്മാര്‍ക്ക് സീറ്റ് നിഷേധിച്ചാല്‍ കണ്ടക്ടര്‍ക്കെതിരെ നടപടി

കോട്ടയം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ബസുകളില്‍ സംവരണം ചെയ്ത സീറ്റുകള്‍ നിഷേധിച്ചാല്‍ കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍.ടി.ഒ പ്രസാദ് എബ്രഹാം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച പരാതികള്‍ 8547639105, 0481 2560429 നമ്പറുകളില്‍ അറിയിക്കാം. വയോജനങ്ങളുടെ പ്രശ്നങ്ങളും അവകാശങ്ങളും പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ ഓഫിസര്‍ വി.കെ. ബീരാന്‍െറ നിര്‍ദേശപ്രകാരമാണ് അടിയന്തര നടപടി. കോട്ടയം ഗവ. റസ്റ്റ് ഹൗസില്‍ ശനിയാഴ്ച നടന്ന സിറ്റിങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന പൗരന്മാരില്‍ ഏറിയപക്ഷവും ഉന്നയിച്ച പ്രശ്നം ബസില്‍ സീറ്റ് ലഭിക്കാത്തതും സീബ്ര ക്രോസിങ് മുറിച്ചുകടക്കാന്‍ നേരിടുന്ന പ്രയാസങ്ങളുമായിരുന്നു. മുതിര്‍ന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണ ക്ഷേമനിയമം 2007 പ്രകാരമുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള റെഗുലേറ്ററി ബോര്‍ഡ് രൂപവത്കരിക്കുന്നതിന്‍െറ ഭാഗമായാണ് സ്പെഷല്‍ ഓഫിസര്‍ സിറ്റിങ് നടത്തിയത്. ഓരോ ജില്ലയിലും സാമൂഹികനീതി ഓഫിസിന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന സിറ്റിങ് എറണാകുളം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പൂര്‍ത്തിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.