സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി കെ.എസ്.ആര്‍.ടി.സി; റോഡ് കൈയടക്കി ബസുകളുടെ പാര്‍ക്കിങ്

കോട്ടയം: സ്ഥലപരിമിതിമൂലം കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുന്നു. കോട്ടയം ഡിപ്പോയില്‍ നവീകരണപ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ബസുകളുടെ പാര്‍ക്കിങ് അധികൃതര്‍ക്ക് തലവേദനയാണ്. രാത്രിയില്‍ ടി.ബി റോഡ് അടക്കമുള്ള പല റോഡുകളും കൈയടക്കിയാണ് കെ.എസ്.ആര്‍.ടി ബസുകളും അനധികൃത പാര്‍ക്കിങ്. ഓര്‍ഡറി, ഫാസ്റ്റ്, ഫാസ്റ്റ്പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ 140 ബസുകളാണ് ഡിപ്പോയിലുള്ളത്. പുതിയ ലോഫ്ളോര്‍ ബസുകളും ഉള്‍പ്പെടും. ശബരിമല സീസണ്‍ ആരംഭിച്ചതോടെ 70 ബസുകളും പുതുതായി എത്തും. ആദ്യഘട്ടത്തില്‍ മറ്റ് ഡിപ്പോകളില്‍നിന്നടക്കം എത്തിയ 25 ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് താല്‍ക്കാലിക സംവിധാനമൊരുക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നെങ്കിലും ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. കോട്ടയം-പമ്പ സര്‍വിസ് നടത്തുന്നതിന് റെയില്‍വേ സ്റ്റേഷന് സമീപത്തെ നാഗമ്പടത്ത് അനുയോജ്യമായ സ്ഥലം വിട്ടുനല്‍കാമെന്നാണ് അറിയിച്ചിരുന്നത്. പുതിയഭരണസമിതികള്‍ അധികാരമേറ്റ് ദിവസങ്ങള്‍ മാത്രമായതിനാല്‍ കൗണ്‍സില്‍യോഗം ചേര്‍ന്ന് തീരുമാനമെടുക്കുന്നതടക്കമുള്ള നടപടിക്രമം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. നാഗമ്പടം പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടായെങ്കിലും സ്വകാര്യബസുകളുടെ എതിര്‍പ്പിനത്തെുടര്‍ന്ന് വേണ്ടെന്നുവെക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ നിര്‍മാണം അനന്തമായി നീളുന്നത് കൂടുതല്‍ ഗതാഗതതടസ്സം സൃഷ്ടിക്കുമെന്നാണ് അറിയുന്നത്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ പാര്‍ക്കിങ് പ്രധാനതലവേദനയാണ്. സീസണില്‍ പൊലീസ് പരേഡ്ഗ്രൗണ്ടിന് സമീപത്തെ റബര്‍ബോര്‍ഡിലേക്കുള്ള റോഡരികിലാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പതിവായി പാര്‍ക്ക് ചെയ്യുന്നത്. ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ വലിയ പൈപ്പുകള്‍ റോഡരികില്‍ ഇട്ടിരിക്കുന്നത് ബസ് പാര്‍ക്കിങ്ങിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്യാന്‍ അഞ്ച് ബസുകള്‍ക്ക് മാത്രമാണ് അനുമതി. കേരളത്തിലേക്കുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കിയതിനൊപ്പം തമിഴ്നാട്ടിലെ വെള്ളപ്പൊക്കവും നിമിത്തം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. കുറഞ്ഞ നിരക്കില്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്‍റുകളും ഏജന്‍സികളും യാത്രാപാക്കേജുകള്‍ നല്‍കുന്നതും ഇതരസംസ്ഥാന തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവിന് കാരണമായിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെടുമ്പോള്‍ തീര്‍ഥാടകരുടെ വരവ് കൂടുമെന്ന പ്രതീക്ഷയിലാണ് കെ.എസ്്.ആര്‍.സി അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.