മൂന്നാമത്തെ സ്വര്‍ണനേട്ടവുമായി മരിയ ജെയ്സണ്‍

പാലാ: ഉയരങ്ങള്‍ കീഴടക്കി ഈ വര്‍ഷത്തെ മൂന്നാമത്തെ സ്വര്‍ണനേട്ടവുമായി മരിയ ജെയ്സണ്‍ കുതിക്കുന്നു. റാഞ്ചിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ പോള്‍വാട്ടില്‍ റെക്കോഡോടെ മെഡല്‍ നേടിയതോടെയാണ് ഈ വര്‍ഷത്തെ മൂന്നാമത്തെ സുവര്‍ണനേട്ടത്തിന് മരിയ ഉടമയായത്. ഈവര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ഓപണ്‍ മീറ്റില്‍ 3.70 ഉയരം താണ്ടി സ്വര്‍ണം നേടിയിരുന്നു. ഈവര്‍ഷംതന്നെ ഹൈദരബാദില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 3.65 മീറ്റര്‍ ഉയരം ചാടി മരിയ കായിക ജീവിതത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മരിയയുടെ റെക്കോഡുകളില്‍ അഞ്ചെണ്ണം ദേശീയ തലത്തിലുള്ളവയാണ്. ദേശീയ സ്കൂള്‍ മീറ്റില്‍ മരിയ തുടര്‍ച്ചയായി നാലു തവണ സ്വര്‍ണം നേടിയിട്ടുണ്ട് കഴിഞ്ഞവര്‍ഷം റാഞ്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലെ 3.40 മീറ്റര്‍ സ്വര്‍ണ നേട്ടത്തോടെ ഏഴാമത്തെ റെക്കോഡിന് ഉടമയായിരുന്നു. ലുധിയാന, റാഞ്ചി, ഇറ്റാവ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന വിവിധ സ്കൂള്‍ മീറ്റുകളിലും രാജ്യത്തിന്‍െറ കായിക പ്രതീക്ഷകള്‍ക്ക് മരിയ സ്വര്‍ണനിറമേകി. 2012 തിരുവനന്തപുരത്ത് നടന്ന സ്കൂള്‍ മീറ്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ 2.92 മീറ്റര്‍ ചാടിയതാണ് ആദ്യ റെക്കോഡ്. 2013ല്‍ ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ 3.20 ഉയരം താണ്ടി ആദ്യ ദേശീയ റെക്കോഡ് സ്ഥാപിച്ചു. അതേവര്‍ഷം ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നടന്ന ദേശീയ യൂത്ത് മീറ്റില്‍ ഇറ്റാവയിലെ അതേ ഉയരം നിലനിര്‍ത്തി രണ്ടാമത്തെ ദേശീയ റെക്കോഡിന് ഉടമയായി. 2014ല്‍ ഹൈദരബാദില്‍ നടന്ന ദക്ഷിണേന്ത്യന്‍ യൂത്ത് മീറ്റില്‍ 3.15 മീറ്റര്‍ താണ്ടി റെക്കോഡ് സ്ഥാപിച്ചിരുന്നു. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന ഏഷ്യന്‍ സ്കൂള്‍ മീറ്റില്‍ വെള്ളി മെഡല്‍ ജേതാവാണ്. രാമപുരത്ത് വെള്ളിലാപ്പള്ളി സ്കൂളില്‍ യു.പി വിഭാഗം വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ മുതല്‍ പോള്‍വാള്‍ട്ടില്‍ പരിശീലനം തുടങ്ങിയിരുന്നു. റബര്‍ തോട്ടത്തില്‍ താല്‍ക്കാലികമായി തയാറാക്കിയ സൗകര്യം ഉപയോഗിച്ചായിരുന്നു പരിശീലനം. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ പരിശീലന സൗകര്യമില്ല. ഏഴാച്ചേരി കരിങ്ങോഴക്കല്‍ ജയ്സണ്‍-നൈസി ദമ്പതിമാരുടെ മകളായ മരിയ പാലാ ജംപ്സ് അക്കാദമിയിലെ സതീഷ് കുമാറിന്‍െറ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത്. തന്‍െറ മുഖ്യ ഇനങ്ങളിലൊന്നായ ഹൈജംപ് ഒഴിവാക്കി ഇഷ്ടയിനമായ പോള്‍വാള്‍ട്ടില്‍ മാത്രമായി ഇത്തവണ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പാലാ സെന്‍റ് മേരീസ് ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ് മരിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.