കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയ സംഭവം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

അടിമാലി: അടിമാലി കാംകോ ജങ്ഷനില്‍ ക്വട്ടേഷന്‍ സംഘം കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയ സംഭവത്തില്‍ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോതമംഗലം പുതുപ്പാടി ചാലില്‍ പുത്തന്‍പുരയില്‍ ദിലീപ് (33), പുതുപ്പാടി കറുകടം പുത്തന്‍പുരക്കല്‍ ഷാജഹാന്‍ (20), പുതുപ്പാടി കറുകടം മറ്റത്തില്‍ ജിതേഷ് (29) എന്നിവരെയാണ് ഇടുക്കി ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പി എ.ഇ. കുര്യന്‍, അടിമാലി സി.ഐ സജി മാര്‍ക്കോസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ക്വട്ടേഷന്‍ സംഘാംഗങ്ങളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ് പിടിയിലായവര്‍. കോതമംഗലം കലേഷ് വധക്കേസിലെ പ്രതിയാണ് ഷാജഹാന്‍. കോതംഗലം സ്റ്റേഷനില്‍ രണ്ടു വധശ്രമക്കേസിലെ പ്രതിയാണ് ദിലീപ്. ജിതേഷും ക്വട്ടേഷന്‍ ഗുണ്ടാ ആക്രമണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മൂവരും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. അടിമാലി കാംകോ ജങ്ഷനില്‍ കൂനാരിയില്‍ കെ.എം. സക്കീറിന്‍െറ ഉടമസ്ഥതയിലുളള ബോഡി വര്‍ക്ഷോപ് കെട്ടിടമടക്കം നാലു കെട്ടിടങ്ങള്‍ കഴിഞ്ഞമാസം 17ന് ഇടിച്ചു നിരത്തുകയും ഹോട്ടലുടമയെയും കുടുംബത്തെയും ആക്രമിക്കുകയും ബന്ദിയാക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതികളായ ബ്രൂസി പെരേര, ഷിയാസ് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. എന്നാല്‍, ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ കേസ് വഴിതിരിച്ച് വിടുന്ന അന്വേഷണമാണെന്നും വന്‍ മാഫിയ ഉള്‍പ്പെട്ട ബ്ളേഡ് മാഫിയക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നില്ളെന്നും നാട്ടുകാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.