ഏറ്റുമാനൂരില്‍ ജയിംസ് തോമസ് ചെയര്‍മാന്‍

ഏറ്റുമാനൂര്‍: നഗരസഭയുടെ പ്രഥമ ചെയര്‍മാനായി കോണ്‍ഗ്രസിലെ ജയിംസ് തോമസ് പ്ളാക്കിതൊട്ടിയില്‍ തെരഞ്ഞെടുത്തു. വ്യാഴാഴ്ച രാവിലെവരെ നിലനിന്ന അനിശ്ചിതത്വത്തിന് വിരാമം കുറിച്ച് കേരള കോണ്‍ഗ്രസിന്‍െറയും മൂന്നു വിമതന്മാരുടെയും സ്വതന്ത്രയുടെയും പിന്തുണയോടെയാണ് ജയിംസ് അധികാരത്തിലേറിയത്. വൈസ് ചെയര്‍പേഴ്സണായി കേരള കോണ്‍ഗ്രസിലെ റോസമ്മ സിബിയും അധികാരമേറ്റു. വരണാധികാരിയും ജില്ലാ പ്ളാനിങ് ഓഫിസറുമായ ടെസി കെ. മാത്യുവിന്‍െറ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയിംസ് തോമസിന് 18 വോട്ട് ലഭിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ പി.എസ്. വിനോദിന് 12ഉം ബി.ജെ.പിയിലെ ഗണേശ് ഏറ്റുമാനൂരിന് അഞ്ചും വോട്ടും ലഭിച്ചു. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ അവസാന പ്രസിഡന്‍റായിരുന്ന കേരള കോണ്‍ഗ്രസിലെ ജോര്‍ജ് പുല്ലാട്ടാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജയിംസ് തോമസിന്‍െ പേര് നിര്‍ദേശിച്ചത്. രാവിലെ കൗണ്‍സില്‍ ഹാളില്‍ ആദ്യം നടന്നത് 29ാം വാര്‍ഡില്‍നിന്ന് ജയിച്ച ചാക്കോ ജോസഫിന്‍െറ (ജോയി മന്നാമല) സത്യപ്രതിജ്ഞയാണ്. പ്രത്യേക ഉത്തരവോടെയാണ് വിമതനായി ജയിച്ച ജോയി സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 11ന് നടന്ന തെരഞ്ഞെടുപ്പില്‍ 35 അംഗങ്ങളും സന്നിഹിതരായിരുന്നു. ഉച്ചക്ക് ശേഷം വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. ആദ്യ മൂന്നര വര്‍ഷം കോണ്‍ഗ്രസും ഒന്നര വര്‍ഷം കേരള കോണ്‍ഗ്രസും ചെയര്‍മാന്‍ സ്ഥാനം പങ്കിട്ടെടുക്കാമെന്നതാണ് അവസാന ധാരണ. അതേസമയം, യു.ഡി.എഫിനെ പിന്തുണച്ച വിമതര്‍ക്കും സ്വതന്ത്രക്കും എങ്ങനെ സ്ഥാനം പങ്കുവെക്കുമെന്ന കാര്യത്തില്‍ ഇനിയും അന്തിമധാരണയായിട്ടില്ല. വിമതര്‍ക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കേണ്ടി വന്നാല്‍ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന മൂന്നര വര്‍ഷത്തില്‍ ഇവരെയും ഉള്‍ക്കൊള്ളിക്കേണ്ടി വരും. ആദ്യ മൂന്നുവര്‍ഷം കേരള കോണ്‍ഗ്രസിനാണ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ലഭിക്കുക. റോസമ്മ സിബി രണ്ടു വര്‍ഷവും വിജി ഫ്രാന്‍സിസ് ഒരു വര്‍ഷവും വീതം പങ്കിട്ടെടുക്കും. രണ്ടു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം ലഭിച്ചില്ളെങ്കില്‍ കേരള കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, അവസാനവട്ട ചര്‍ച്ചയില്‍ ഒന്നര വര്‍ഷംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം, വിമതരെയും കൂട്ടി ഭരണത്തിലേറാനുള്ള എല്‍.ഡി.എഫ് ശ്രമം അവസാനനിമിഷം പാളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.