എരുമേലിയില്‍ വന്‍ ഭക്തജനത്തിരക്ക്

എരുമേലി: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നിരിക്കെ എരുമേലിയില്‍ വന്‍ ഭക്തജനത്തിരക്ക്. നട തുറക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്തന്നെ ചെറു സംഘങ്ങളായി എത്തിയ അയ്യപ്പഭക്തന്മാര്‍ എരുമേലി ക്ഷേത്ര പരിസരത്ത് തമ്പടിച്ചിരുന്നു. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്,കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എരുമേലിയിലേക്ക് ഒഴുകിയത്തെിക്കൊണ്ടിരിക്കുന്നത്. എരുമേലിയില്‍ എത്തുന്ന ഭക്തജനസംഘങ്ങളെ വരവേല്‍ക്കുവാന്‍ എരുമേലി ഒന്നാകെ തയാറെടുത്തുകഴിഞ്ഞു. സ്ഥിരമായുള്ള വ്യാപാര സ്ഥാപനങ്ങളോടൊപ്പം താല്‍ക്കാലിക വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തനക്ഷമമായി. പേട്ടതുള്ളലിന് താളമേളങ്ങളുമായി അകമ്പടി സേവിക്കുവാന്‍ നാട്ടിലെ മേളക്കാരോടൊപ്പം തമിഴ്നാട്ടില്‍നിന്നുള്ള വാദ്യമേളക്കാരും എത്തിക്കഴിഞ്ഞു. നൂറുകണക്കിന് ചെറുസംഘങ്ങളാണ് ദിവസങ്ങളായി എരുമേലിയില്‍ പേട്ടതുള്ളുന്നത്. വിവിധ വകുപ്പുകളുടെ സേവനവിഭാഗങ്ങള്‍ ഭക്തജനങ്ങളെ സഹായിക്കുവാന്‍ എരുമേലിയില്‍ എത്തിക്കഴിഞ്ഞു. ടൗണിലെ വാഹനത്തിരക്ക് കുറക്കാനും അയ്യപ്പഭക്തന്മാര്‍ക്ക് സ്വതന്ത്രമായി പേട്ടതുള്ളുവാനും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയതായി പൊലീസ് അധികാരികള്‍ പറഞ്ഞു. ഭക്തജനങ്ങള്‍ക്കായി ആരോഗ്യവകുപ്പ് എല്ലാവിധ സേവന പ്രവര്‍ത്തനങ്ങളും നല്‍കുവാന്‍ സജ്ജരായിക്കഴിഞ്ഞുവെന്ന് വകുപ്പുതല മേധാവികള്‍ അറിയിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തുന്ന സേഫ്സോണ്‍ പദ്ധതിക്കും തുടക്കമായി. അയ്യപ്പഭക്തന്മാര്‍ക്ക് ആവശ്യമായ ബസ് സര്‍വിസുകള്‍ എരുമേലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ആരംഭിച്ചതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. എക്സൈസ് വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ശുചിത്വമൈത്രി-എരുമേലി പദ്ധതിയിലുടെ പ്ളാസ്റ്റിക് ക്യാരിബാഗുകളുടെ വില്‍പനയും ഉപയോഗവും ക്യാരിബാഗുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും നിരോധിച്ചുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി. പൊലീസ് കണ്‍ട്രോള്‍ റൂമും റവന്യൂ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു. ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, ഫുഡ് ആന്‍ഡ് സേഫ്റ്റി, കെ.എസ്.ഇ.ബി, ഗ്രാമപഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകള്‍ ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇനിയുള്ള രണ്ടുമാസക്കാലം മത സൗഹാര്‍ദത്തിന്‍െറയും മാനവ മൈത്രിയുടെയും വിളനിലമായി അറിയപ്പെടുന്ന എരുമേലിക്ക് പുണ്യനാളുകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.