ആളൊഴിഞ്ഞ വീട്ടില്‍നിന്ന് 45 പവന്‍ മോഷ്ടിച്ചു

ഏറ്റുമാനൂര്‍: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 45 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. ഏറ്റുമാനൂര്‍ മാടപ്പാട് വട്ടകൊട്ടയില്‍ ദേവന്‍ബൂവിന്‍െറ വസതിയിലാണ് മോഷണം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ആളില്ലാതെ അടഞ്ഞുകിടക്കുകയായിരുന്നതിനാല്‍ എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. പത്ത് കാര്‍വിങ് പലകകള്‍ ചേര്‍ത്ത് നിര്‍മിച്ച മുന്‍വാതിലിലെ അടിഭാഗത്തെ ഒരു കാര്‍വിങ് പലക ഇളക്കിമാറ്റി അതിനുള്ളിലൂടെയാണ് മോഷ്ടാവ് അകത്തു കടന്നത്. തുടര്‍ന്ന് പൂട്ടിക്കിടന്ന ബെഡ് റൂമിന്‍െറ വാതിലിന്‍െറ ഇതേപോലുള്ള പലകയും തകര്‍ത്തു. ബെഡ്റൂമിലെ ഇരുമ്പലമാരയിലെ രഹസ്യഅറയില്‍ ചെറിയ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ബാങ്കില്‍ പണയം വെച്ചിരുന്ന ഈ ആഭരണങ്ങള്‍ കഴിഞ്ഞ ആഴ്ച തിരിച്ചെടുത്ത് സൂക്ഷിച്ചിരുന്നതാണ്. കുവൈത്തില്‍ ജോലി ചെയ്യുന്ന ദേവന്‍ബൂവിന്‍െറ ഭാര്യ എം.ജി യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ അധ്യാപിക ജൂണി മേരി മാത്യുവും കുട്ടികളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഇവര്‍ ചെന്നൈയിലെ ഭര്‍തൃഗൃഹത്തില്‍ പോയിരിക്കുകയായിരുന്നു. സ്വര്‍ണമല്ലാതെ മറ്റൊന്നും മോഷണം പോയിട്ടില്ല. ലാപ്ടോപ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇവ ഇരിക്കുന്ന മറ്റെല്ലാ മുറികളും പൂട്ടാതെ കിടന്നിട്ടും അവിടെങ്ങും കയറി തിരച്ചില്‍ നടത്തിയ ലക്ഷണങ്ങള്‍ കണ്ടില്ല. കൃത്യമായി ബെഡ്റൂമില്‍ തന്നെ കയറി എല്ലാം വാരിവലിച്ചിട്ട മോഷ്ടാവ് ഇവരെയും സാഹചര്യങ്ങളും അറിയാവുന്ന വ്യക്തിയായിരിക്കണം എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. മുന്‍വാതിലില്‍ കൂടി തന്നെ പുറത്തുകടന്ന മോഷ്ടാവ് പൊളിച്ച പലക സംശയം തോന്നാത്ത രീതിയില്‍ അതേ സ്ഥാനത്ത് തിരിച്ചുവെച്ചിരുന്നു. തിങ്കളാഴ്ച വെളുപ്പിനെ അഞ്ച് കഴിഞ്ഞ് ചെന്നൈയില്‍നിന്ന് തിരിച്ചത്തെിയ ജൂണി കതക് തുറന്നപ്പോള്‍ ഈ പലക തെറിച്ചു നിലത്തുവീണു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി അറിയുന്നത്. ഡിവൈ.എസ്.പി വി. അജിത്, ഏറ്റുമാനൂര്‍ സി.ഐ റിജോ പി. ജോസഫ്, എസ്.ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി. വീടിന് പലവട്ടം വലംവെച്ച പൊലീസ് നായ അയര്‍ക്കുന്നം റോഡില്‍ അല്‍പദൂരം മുന്നോട്ട് പോയിനിന്നു. ഇതേ രീതിയിലുള്ള മറ്റൊരു കവര്‍ച്ച അഞ്ചു മാസം മുമ്പ് അതിരമ്പുഴ ഭാഗത്ത് നടന്നിരുന്നു. ഈ കേസിലെ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.