കോട്ടയത്ത് ആകാശപാതയുടെ നിര്‍മാണം ഉടന്‍

കോട്ടയം: ധനവകുപ്പിന്‍െറ അനുമതിയായതോടെ കോട്ടയത്തെ ആകാശപാത (സ്കൈ വോക്) പദ്ധതിക്ക് വീണ്ടും ജീവന്‍വെക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ പണി ആരംഭിക്കാന്‍ ലക്ഷ്യമിട്ട് രൂപരേഖ തയാറാക്കിയെങ്കിലും പണം അനുവദിക്കാത്തതിനാല്‍ പദ്ധതി നീളുകയായിരുന്നു. കഴിഞ്ഞദിവസം ധനമന്ത്രി സ്ഥാനം രാജിവെച്ചശേഷം കോട്ടയത്ത് എത്തിയ കെ.എം. മാണിയാണ്, സ്വീകരണത്തിനിടെ താന്‍ ഒപ്പിട്ട അവസാന ഫയലുകളിലൊന്ന് ആകാശപാതയുടേതാണെന്ന് വ്യക്തമാക്കിയത്. അഞ്ചുകോടിയാണ് പദ്ധതിക്ക് അനുവദിച്ചതെന്നും മാണി പറഞ്ഞു. ഇതോടെ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടപടി തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉടന്‍ പണി ആരംഭിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. നേരത്തേ പദ്ധതിയുടെ മേല്‍നോട്ടത്തിനായി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ചെയര്‍മാനും കലക്ടര്‍ കണ്‍വീനറുമായ കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. കഴിഞ്ഞ മേയ് 15ന് കോട്ടയം കലക്ടറേറ്റില്‍ ആകാശപാതയുടെ രൂപരേഖ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ജൂലൈയില്‍ പണി ആരംഭിച്ച് ആറുമാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്നിന് ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധനവകുപ്പിനുമുന്നില്‍ ഫയല്‍ കെട്ടിക്കിടന്നതോടെ പ്രഖ്യാപനമെല്ലാം കടലാസിലൊതുങ്ങി. നഗരത്തിലെ കുരുക്ക് ഒഴിവാക്കുന്ന രീതിയില്‍ ശീമാട്ടി റൗണ്ടാനയിലാണ് ആകാശപാത നിര്‍മിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന സ്കൈ വോക്കിലേക്ക് ശീമാട്ടി റൗണ്ടാനയില്‍ സംഗമിക്കുന്ന അഞ്ച് റോഡുകളില്‍നിന്ന് പ്രവേശിക്കാം. കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെയും അപകടം കൂടാതെയും റോഡ് മുറിച്ചുകടക്കാം എന്നതാണ് ഇതിന്‍െറ മെച്ചം. ആധുനിക കിയോസ്കുകളും ഇരിപ്പിടങ്ങളും ഉള്‍പ്പെട്ടതാണ് ആകാശപാത. ഇവിടെ വിശ്രമിക്കാനും സൗകര്യമുണ്ടാകും. ഭക്ഷണശാലകള്‍, വിനോദശാലകള്‍, പൊലീസ് എയ്ഡ്പോസ്റ്റ്, സൗജന്യ വൈഫൈ തുടങ്ങിയ സൗകര്യങ്ങളും ആകാശനടത്തക്കാരെ കാത്തിരിപ്പുണ്ടാകും. എല്‍.ഇ.ഡി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം അറ്റകുറ്റപ്പണിക്ക് വിനിയോഗിക്കും. ആകാശപാതക്ക് ആറുമീറ്റര്‍ ഉയരമാണ് കണക്കാക്കുന്നത്. പുറത്ത് 45 മീറ്ററും ഉള്ളില്‍ 16 മീറ്ററും വ്യാസമുണ്ടാകും. രൂപരേഖ അനുസരിച്ച് നാല് എസ്കലേറ്ററുകളാണ് ഉണ്ടാവുക. എസ്കലേറ്ററിന്‍െറ പ്രവര്‍ത്തനത്തിന് വളന്‍റിയര്‍മാരുണ്ടാകും. ശീമാട്ടി റൗണ്ട് ഐലന്‍ഡ് നിലനിര്‍ത്തി ഈ ഭാഗം തുറന്ന രീതിയിലാണ് നിര്‍മാണം. ഐലന്‍ഡിലെ പുല്‍ത്തകിടിയും ഫൗണ്ടനും മാറ്റമുണ്ടാകില്ല. കോട്ടയത്തെ ഏറ്റവും തിരക്കേറിയ റോഡ് ക്രോസിങ്ങാണ് റൗണ്ടാനയിലേതെന്ന് ഇതുസംബന്ധിച്ച് നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. നാറ്റ്പാക് നടത്തിയ പഠനമനുസരിച്ച് പ്രതിദിനം 40000 വാഹനങ്ങളും 11000 ആളുകളും ഈ ജങ്ഷന്‍ മുറിച്ചുകടക്കുന്നുണ്ടെന്നാണ് കണക്ക്. റോഡ് സേഫ്റ്റി അതോറിറ്റിയുടെ കീഴിലെ ആകാശപാതയുടെ നിര്‍മാണച്ചുമതല റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.