കാഞ്ഞിരപ്പള്ളി ബ്ളോക്: പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് ചര്‍ച്ച സജീവം

കാഞ്ഞിരപ്പള്ളി: ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിനും വൈസ് പ്രസിഡന്‍റ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനും ഉറപ്പായിരിക്കെ ഇരുപാര്‍ട്ടികളിലും ചര്‍ച്ചകള്‍ സജീവമായി. പ്രസിഡന്‍റ് സ്ഥാനം വനിതക്കാണ് സംവരണം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് വിജയിച്ച ഏഴു സീറ്റുകളില്‍ നാലും വനിതകളാണ്. ഇതില്‍ ജനറല്‍ വനിതാ സീറ്റില്‍ വിജയിച്ചത് മൂന്നുപേരാണ്. റോസമ്മ ആഗസ്തി (മണ്ണാറക്കയം), ആശാ ജോയി (ചേനപ്പാടി), അന്നമ്മ ജോസഫ് (മണിമല) എന്നിവര്‍. പട്ടികജാതി സംവരണ സീറ്റായ മുണ്ടക്കയം ഡിവിഷനില്‍ വിജയിച്ചത് ലീലാമ്മ കുഞ്ഞുമോനാണ്. ആശാ ജോയി ആദ്യമായാണ് ത്രിതല പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അന്നമ്മ ജോസഫും റോസമ്മ ആഗസ്തിയും മുമ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായി പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ്. അതിനാല്‍ ഇവരില്‍ ഒരാള്‍ പ്രസിഡന്‍റാകാനാണ് സാധ്യത. പി.എ. ഷമീര്‍(കാഞ്ഞിരപ്പള്ളി), വി.ടി. അയൂബ്ഖാന്‍ (കോരുത്തോട്), പ്രകാശ് പള്ളിക്കൂടം (മുക്കൂട്ടുതറ) എന്നിവരാണ് ബ്ളോക്കിലേക്ക് വിജയിച്ച മറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍.മൂന്ന് സീറ്റുകളില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് എമ്മില്‍ രണ്ടുപേര്‍ വനിതകളാണ്. അതിനാല്‍ കേരള കോണ്‍ഗ്രസിലെ ഏക പുരുഷ അംഗമായ ജോളി മടുക്കക്കുഴി വൈസ് പ്രസിഡന്‍റാകാനാണ് സാധ്യത. സോഫി ജോസഫ് (പാറത്തോട്), മറിയാമ്മ ജോസഫ് (ചോറ്റി) എന്നിവരാണ് ബ്ളോക്കിലെ മറ്റ് കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍. 15 ഡിവിഷനുകളുള്ള ബ്ളോക്കില്‍ 10ല്‍ യു.ഡി.എഫും അഞ്ചു ഡിവിഷനുകളില്‍ എല്‍.ഡി.എഫുമാണ് വിജയിച്ചത്. കോണ്‍ഗ്രസ്-ഏഴ്, കേരള കോണ്‍ഗ്രസ്- മൂന്ന് എന്നിങ്ങനെയാണ് യു.ഡി.എഫ് കക്ഷിനില. സി.പി.എം-നാല്, സി.പി.ഐ-ഒന്ന് എന്നിങ്ങനെയാണ് എല്‍.ഡി.എഫ് കക്ഷിനില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.