അരങ്ങൊഴിഞ്ഞത് ആന ചികിത്സാരംഗത്തെ അമരക്കാരന്‍

കുളത്തൂര്‍മൂഴി: ചെറുപ്പം മുതലെ ഉടലെടുത്ത ആനക്കമ്പത്തില്‍ നിന്നാണ് വ്യാഴാഴ്ച നിര്യാതനായ കുളത്തൂര്‍മൂഴി സി.എന്‍. ദാമോദരന്‍ നായരെന്ന ആനവൈദ്യരുടെ ഉദയം. പിതാവിന്‍െറ ആന സ്നേഹം ബാലനായ ദാമോദരന്‍ നായരിലേക്ക് പകരുകയായിരുന്നു. ആര്യാട്ട് കുടുംബത്തില്‍ ജനിച്ച ദാമോദരന്‍ നായരുടെ പിതാവ് ആര്യാട്ട് ആശാന്‍ വലിയ ആനപ്രേമിയായിരുന്നു. കാര്യമായ ഒൗപചാരിക വിദ്യാഭ്യാസം ലഭിച്ചില്ളെങ്കിലും കുടുംബത്തുണ്ടായിരുന്ന താളിയോല ഗ്രന്ഥങ്ങളില്‍നിന്ന് ആയുര്‍വേദപ്രകാരമുള്ള ചികിത്സാവിധികള്‍ അദ്ദേഹം സ്വയം അഭ്യസിക്കുകയായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക ആനകളെയും ചികിത്സിച്ചിട്ടുള്ള ദാമോദരന്‍ നായര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിര ആനചികിത്സകനുമായിരുന്നു. ആയുര്‍വേദ വിധിപ്രകാരമുള്ള സുഖചികിത്സ നല്‍കണമെന്ന് വാശിയുണ്ടായിരുന്ന ദാമോദരന്‍ നായര്‍ക്ക്, അലോപ്പതി ചികിത്സകരില്‍നിന്ന് ഇതിന്‍െറ പേരില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. കൊച്ചുമക്കളായ പാര്‍വതിയെയും ശ്രീലക്ഷ്മിയെയും ആയുര്‍വേദ ഡോക്ടര്‍ ആക്കിയതിന് പിന്നില്‍ ദാമോദരന്‍നായര്‍ മുഖ്യപങ്കുവഹിച്ചു. തിരക്കിട്ട ചികിത്സാ ജീവിതത്തിനിടയിലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്ത് സജീവമാകുകയും ചെയ്തിരുന്നു. വി.കെ. വേലപ്പന്‍ വാഴൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന വേളയില്‍ കെ. കരുണാകരനോടൊപ്പം പ്രവര്‍ത്തിച്ചു. ദാമോദരന്‍ നായരുടെ വീട്ടില്‍ കെ. കരുണാകരന്‍ താമസിച്ച വിവരം ശതാഭിഷേക ദിനത്തില്‍ അദ്ദേഹം അനുസ്മരിച്ചിരുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍െറ ഉറ്റമിത്രവുമായിരുന്നു ദാമോദരന്‍ നായര്‍.കുളത്തൂര്‍മൂഴി ഹിന്ദുമത കണ്‍വെന്‍ഷന്‍െറ രക്ഷാധികാരി, മുന്‍ കുളത്തൂര്‍കര എന്‍.എസ്.എസ് കരയോഗം പ്രസിഡന്‍റ്, പില്‍ക്കാലത്ത് കുളത്തൂര്‍ പ്രയാര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്‍റ്, കുളത്തൂര്‍ ദേവീക്ഷേത്രം ജീര്‍ണോദ്ധാരണത്തിന്‍െറ മുന്‍നിര പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ആന ചികിത്സയെപ്പറ്റി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.