പട്ടിത്താനം–തലയോലപ്പറമ്പ് റൂട്ടിലെ കൊടുംവളവുകള്‍ നിവരുന്നു

കുറവിലങ്ങാട്: പട്ടിത്താനം-തലയോലപ്പറമ്പ് റൂട്ടിലെ കൊടുംവളവുകള്‍ ഉടന്‍ നിവരും. നിരവധി ജീവനുകളാണ് നടുറോഡില്‍ പൊലിഞ്ഞിട്ടുള്ളത്. പട്ടിത്താനം ജങ്ഷന്‍, കാണക്കാരി ആശുപത്രിപ്പടി ജങ്ഷന് സമീപം, കാണക്കാരി കവല, കുറുപ്പന്തറ കവല, മുട്ടുചിറ മേഖല, സിലോണ്‍ കവല എന്നിവിടങ്ങളിലാണ് ഈ റൂട്ടില്‍ ഏറെയും അപകടങ്ങള്‍ നടന്നിട്ടുള്ളതും മരണങ്ങള്‍ സംഭവിച്ചിട്ടുള്ളതും. കലക്ടര്‍ യു.വി. ജോസ് ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയാണ് സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. 19ഓളം കൊടും വളവുകളും അനുബന്ധ വളവുകളും ഇവിടെയുണ്ട്. 50ഓളം സ്ഥലം ഉടമകളുമായി അധികൃതര്‍ സംസാരിക്കുകയും എല്ലാവരും വളവ് നിവര്‍ത്തുന്നതിന് സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്നും അറിയിച്ചിട്ടുണ്ട്. മോന്‍സ് ജോസഫ് എം.എല്‍.എ കൊടുംവളവുകള്‍ നിവര്‍ത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പണവും നല്‍കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന റൂട്ടാണ് ഏറ്റുമാനൂര്‍-തലയോലപ്പറമ്പ് ഭാഗം. എറണാകുളം-കോട്ടയം റൂട്ടിലോടുന്ന ലിമിറ്റഡ് സ്റ്റോപ് സ്വകാര്യ ബസുകളും എറണാകുളം-പാലാ റൂട്ടിലോടുന്ന സ്വകാര്യ ബസുകളും ഈ റോഡിലൂടെ മരണപ്പാച്ചിലാണ് നടത്തുന്നത്. കാര്‍, ബൈക്കുകള്‍ എന്നീ വാഹനങ്ങളും മിക്ക ദിവസവും അപകടത്തില്‍പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.