മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആധുനിക അത്യാഹിതവിഭാഗത്തിന്‍െറ നിര്‍മാണം അവസാനഘട്ടത്തില്‍

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആധുനിക അത്യാഹിതവിഭാഗത്തിന്‍െറ നിര്‍മാണം അവസാനഘട്ടത്തില്‍. നിലവിലുള്ള അത്യാഹിതവിഭാഗത്തിന്‍െറ എതിര്‍വശത്തായാണ് പുതിയ ആത്യാഹിതവിഭാഗത്തിന്‍െറ നിര്‍മാണം നടക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് കെട്ടിടത്തിന്‍െറ നിര്‍മാണം തുടങ്ങിയത്. ആറുനിലകളുള്ള അത്യാധുനിക അത്യാഹിതവിഭാഗത്തിനാണ് മെഡിക്കല്‍ കോളജില്‍ തുടക്കമിടുന്നത്. നബാര്‍ഡ് അനുവദിച്ച 27കോടി മുടക്കിയാണ് നിര്‍മാണം പുരോഗമിക്കുന്നത്. കെട്ടിട നിര്‍മാണം മാത്രമാണ് നിലവില്‍ തീര്‍ന്നിട്ടുള്ളത്. ഇനി കെട്ടിടത്തിലെ സൗന്ദര്യവത്കരണവും അനുബന്ധ നിര്‍മാണങ്ങളും വൈദ്യുതി ഏര്‍പ്പെടുത്തുന്നതും അടക്കമുള്ള പണികള്‍ നടന്നുവരികയാണ്. ഏറ്റവും താഴത്തെ നിലയില്‍ അത്യാഹിത വിഭാഗവും രണ്ട് മിനി ഓപറേഷന്‍ തിയറ്ററും പ്രവര്‍ത്തിക്കും. ഇതോടെ അത്യാഹിത വിഭാഗത്തില്‍ തന്നെ മികച്ച ചികിത്സക്കും അത്ര വലുതല്ലാത്ത ശസ്ത്രക്രിയക്കും അവസരമൊരുങ്ങും. നിലവിലുള്ള അത്യാഹിത വിഭാഗത്തില്‍ ആധുനിക ചികിത്സ സംവിധാനങ്ങളുടെ പരിമിതി ധാരാളമുണ്ട്. രണ്ടാം നിലയില്‍ വിപുലമായി പ്രവര്‍ത്തിക്കുന്ന ഒരു ബ്ളഡ് ബാങ്ക് ഉണ്ടാകും. 24മണിക്കുറും ഇവിടെനിന്നുള്ള സേവനം ലഭ്യമാകും. മൂന്നാം നിലയില്‍ തീവ്രപരിചരണ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. കുടുതല്‍ കിടക്കകളും വെന്‍റിലേറ്ററും സജ്ജീകരിക്കുന്ന തീവ്രപരിചരണ വിഭാഗത്തില്‍ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാനാകും. നാലാം നിലയിലായിരിക്കും ശസ്ത്രക്രിയ തിയറ്റര്‍ പ്രവര്‍ത്തിക്കുക. അഞ്ചാം നിലയില്‍ ഏതു വിഭാഗം ആരംഭിക്കണമെന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള 27കോടി കൊണ്ട് അഞ്ച് നിലകളിലും പ്രവര്‍ത്തനം തുടങ്ങാന്‍ സാധ്യമല്ല. ഇക്കാരണത്താല്‍ മൂന്നുനിലകളിലെ സംവിധാനങ്ങളേ ആദ്യം പ്രവര്‍ത്തനം ആരംഭിക്കുകയുള്ളു. പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒരുകുടക്കിഴില്‍ നിരവധി ചികിത്സകള്‍ നല്‍കാന്‍ സാധിക്കും. നിലവില്‍ അത്യാഹിതത്തില്‍ പ്രവേശിപ്പിക്കുന്നയാള്‍ക്ക് അടിയന്തര ശസ്ത്രക്രിയക്കും സ്കാന്‍ അടക്കമുള്ള കാര്യങ്ങള്‍ക്കും മറ്റു കെട്ടിടങ്ങളില്‍ പോകണം. നിരവധി ചികിത്സാ സംവിധാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള അത്യാഹിതവിഭാഗത്തിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. പുതിയ അത്യാഹിതത്തില്‍നിന്ന് വാര്‍ഡുകളിലേക്ക് പ്രവേശിപ്പിക്കുന്നതിന് മീറ്ററുകള്‍ ദൂരമുള്ള വലിയ മേല്‍പ്പാലവും ഒരുക്കുന്നതായിരിക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ തുടങ്ങിയ വിവിധ ജില്ലകളില്‍നിന്നുള്ള നൂറുകണക്കിന് രോഗികളാണ് ദിവസേന അത്യാഹിതത്തില്‍ ചികിത്സ തേടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.