സ്ഥലനാമങ്ങളെ ബന്ധപ്പെടുത്തി വൃക്ഷത്തൈകള്‍ നടുന്ന പദ്ധതിക്ക് തുടക്കം

വാഴൂര്‍: പുളിക്കല്‍ കവലയില്‍ ഇനി പുളിമരവുമുണ്ടാകും. സ്ഥലനാമങ്ങലെ ബന്ധപ്പെടുത്തി വൃക്ഷത്തൈകള്‍ നടുന്ന പദ്ധതിക്ക് തുടക്കമായി. പുളിക്കല്‍ കവലയില്‍ പുളിമരത്തൈ നട്ടുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി, വാകത്താനം ജെ.എം.എച്ച് എസ്.എസിലെ നാഷനല്‍ സര്‍വിസ് സ്കീം വളന്‍റിയര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, സാമൂഹിക സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് വൃക്ഷത്തൈ നട്ടത്. വരുംദിവസങ്ങളില്‍ ഇല്ലിവളവില്‍ ഇല്ലി, മുളയംവേലിയില്‍ മുള, പാലായില്‍ പാലമരം, കാഞ്ഞിരപ്പള്ളിയില്‍ കാഞ്ഞിരം, പനമറ്റത്ത് പന, നെല്ലിമറ്റത്ത് നെല്ലി, മൂലേപ്ളാവില്‍ പ്ളാവ് തുടങ്ങി വിവിധ സ്ഥലനാമവുമായി ബന്ധപ്പെട്ട വൃക്ഷത്തൈകള്‍ നടുന്ന പരിപാടി നടക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചു. രാജഭരണകാലത്ത് കരം അടക്കാന്‍ നിര്‍വാഹമില്ലാത്തവര്‍ പ്രധാന കവലകളില്‍ മരം നടണമെന്ന കല്‍പനയുണ്ടായിരുന്നു. ഇതിന്‍െറ ഭാഗമായി അക്കാലത്ത് പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്ഥലനാമവുമായി ബന്ധപ്പെട്ട മരങ്ങള്‍ നട്ടിരുന്നു. പിന്നീട് കാലപ്പഴക്കം മൂലമോ റോഡ് വികസനത്തിന്‍െറ ഭാഗമായോ ഇത്തരം മരങ്ങള്‍ പാതയോരത്ത് നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. പിന്നീട് ഇവ നടുന്നതിനുള്ള പ്രവര്‍ത്തനങ്ങളുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി മുന്‍കൈയെടുത്ത് ഈ നൂതന ആശയത്തിന് തുടക്കം കുറിച്ചത്. പുശിക്കല്‍ കവലയില്‍ ഓട്ടോ സ്റ്റാന്‍ഡിനു സമീപം സംസ്ഥാന പ്രകൃതിമിത്രാ അവാര്‍ഡ് ജേതാവും വൃക്ഷപരിസ്ഥിതി സംക്ഷണ സമിതി സംസ്ഥാന ജന. സെക്രട്ടറിയുമായ കെ. ബിനു പുളിമരത്തൈ നട്ടു. സ്കൂളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ജോര്‍ജ് വര്‍ഗീസ്, വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി കോഓഡിനേറ്റര്‍ എസ്. ബിജു, സിനിമ-സീരിയല്‍ താരം പ്രസാദ് വാഴൂര്‍, വൈ.എം.സി.എ സെക്രട്ടറി ബെന്നി മുണ്ടമറ്റം, നാച്വറല്‍ സൊസൈറ്റി പ്രസി. ജേക്കബ് വര്‍ഗീസ്, പുളിക്കല്‍കവല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പ്രസി. പി.എന്‍. കേശവന്‍ നായര്‍, എന്‍.എസ്.എസ് വളന്‍റിയര്‍ ക്യാപ്റ്റന്മാരായ വിഷ്ണു ഷാജി, ഗ്രേഷ്മ ശാന്തി കെ. സാബു എന്നിവര്‍ സംസാരിച്ചു. ഓട്ടോത്തൊഴിലാളികളാണ് വരുനാളുകളില്‍ പുളിമരത്തെ പരിപാലിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.