റബര്‍ മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളുടെ വഞ്ചനക്കെതിരെ പാലായില്‍ രാപകല്‍ സമരം

പാലാ: മീനച്ചില്‍, പാലാ റബര്‍ മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളുടെ വഞ്ചനക്കെതിരെ കര്‍ഷക കുടുംബങ്ങള്‍ പാലായില്‍ രാപകല്‍ സമരം ആരംഭിച്ചു. സംയുക്ത കര്‍ഷക ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ പാലാ കുരിശുപള്ളി കവലയില്‍ സമരം സാമൂഹികപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകീട്ട് നാലുവരെയാണ് സമരം. തട്ടിപ്പുകാരില്‍നിന്ന് പാലാ മാര്‍ക്കറ്റിങ് സഹകരണസംഘത്തയും മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സഹകരണ സംഘത്തെയും മോചിപ്പിക്കുക, ലഭിക്കാനുള്ള നിക്ഷേപത്തുകയും റബര്‍ വില കുടിശ്ശികയും സര്‍ക്കാര്‍ അനുവദിക്കുക, അഴിമതിയുടെ കൂടാരമായ ഇരു സ്ഥാപനങ്ങളുടെയും ഭരണസമിതികള്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുക, പ്രവര്‍ത്തനം നിലച്ച സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പുനരുജ്ജീവിപ്പിക്കുക, തട്ടിപ്പുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സംഘങ്ങളില്‍നിന്ന് കോടികളുടെ നിക്ഷേപവും റബര്‍വില കുടിശ്ശികയും ലഭിക്കാനുള്ള കര്‍ഷകര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.സി. ജോസഫ് ആമുഖ പ്രഭാഷണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍, എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍, ഇന്‍ഫാം രൂപത ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, എന്‍.സി.പി സംസ്ഥാന ട്രഷറര്‍ മാണി സി. കാപ്പന്‍, ജോസ് കുറ്റിയാനിമറ്റം, ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി ജോസഫ് വണിയിടം, കണ്‍വീനര്‍ ചെറിയാച്ചന്‍ ജെ. മനയാനി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.