കടുത്തുരുത്തി: കുട്ടികളുമായി സ്കൂളിലേക്ക് പോയ ബസ് നിയന്ത്രണം വിട്ട് 12 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്കും എട്ടുകുട്ടികള്‍ക്കും പരിക്കേറ്റു. ബസ് മരത്തില്‍ തങ്ങിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഞീഴൂര്‍ മുക്കവലക്കുന്ന് ഭാഗത്തേക്ക് കോഴയില്‍നിന്ന് വന്ന കുറവിലങ്ങാട് ഡീപോള്‍ സ്കൂളിന്‍െറ എട്ടാം നമ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. രണ്ട്,മൂന്ന് ക്ളാസുകളില്‍ പഠിക്കുന്നവരാണ് അപകടത്തില്‍പെട്ട കുട്ടികള്‍. രാവിലെ മഞ്ഞുണ്ടായിരുന്നതിനാല്‍ റോഡ് അവ്യക്തമായിരുന്നു. ഇതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. മുക്കവലക്കുന്ന് എസ്.എന്‍.ഡി.പി ഓഫിസിന് സമീപമുള്ള വെയ്റ്റിങ് ഷെഡിനോട് ചേര്‍ന്നുള്ള വളവ് തിരിക്കുമ്പോള്‍ ബസിന്‍െറ നിയന്ത്രണംവിടുകയായിരുന്നു. റോഡില്‍ നിന്നും തെന്നിമാറിയ ബസ് ബ്രേക്ക് ചെയ്തിട്ടും നില്‍ക്കാതെ 12 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. താഴേക്ക് തെന്നിനീങ്ങിയ ബസ് റോഡിന് താഴെ വളര്‍ന്നുനിന്ന മരത്തില്‍ തങ്ങിനില്‍ക്കുകയായിരുന്നു. ഇത് വന്‍ ദുരന്തത്തില്‍നിന്ന് കുട്ടികളെ രക്ഷിച്ചു. അപകടത്തെ തുടര്‍ന്ന് ഭയന്ന കുട്ടികള്‍ അലറിവിളിച്ചു. ഇതുകേട്ടത്തെിയ നാട്ടുകാര്‍ ബസിന്‍െറ എമര്‍ജന്‍സി വാതിലിലൂടെ കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. രാവിലെ കുട്ടികളുമായി പോയ അപകത്തില്‍പെട്ട വാര്‍ത്ത രക്ഷിതാക്കളെയും സ്കൂള്‍ അധികൃതരെയും ആശങ്കയിലാഴ്ത്തി. രക്ഷിതാക്കള്‍ കൂട്ടമായി അപകട സ്ഥലത്തേക്കും ആശുപത്രിയിലേക്കും എത്തി. പൊലീസും സ്ഥലതത്തെിയിരുന്നു. ഞീഴൂര്‍ തൈപ്പറമ്പ് ആഷ്ബന്‍ പ്രസാദ് (എട്ട്), മണ്ണക്കനാടുകുന്ന് കുഴിക്കല്‍ മെല്‍വിന്‍ സിജോ (ഏഴ്), കോഴ വെട്ടിയാനിക്കല്‍ കെവിന്‍ (അഞ്ച്), മണ്ണക്കനാട് പുളിന്താനത്ത് അഭിലാഷ് പി.സുമേഷ് (ആറ്), കോഴാ കടന്നമാക്കല്‍ അനിഹ ജിജോ (എട്ട്), കോഴ തെക്കുംപുറം ക്രിസ്റ്റി ഹെലന്‍ (ഏഴ്), കോഴ മങ്കടപാടത്ത് അനന്തു ഷിജു (എട്ട്), മുളവിത്താനത്ത് അഭിലാഷ് (എട്ട്), ഡ്രൈവര്‍ കുറവിലങ്ങാട് ചുരക്കുളം ഡൊമിനിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പലര്‍ക്കും നിസ്സാരപരിക്കാണുള്ളത്. നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരെ കുറവിലങ്ങാട്ടുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് മറിഞ്ഞപ്പോള്‍ തറയില്‍ വീണും തലയിടിച്ചും മറ്റുമാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. വൈകീട്ടോടെ കുട്ടികളില്‍ ഭൂരിഭാഗത്തെയും സിസ്ചാര്‍ജ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.