കോട്ടയം: നഗരസഭാ ഊര്‍ജോപദേശക സമിതിയില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശം. ഒരിക്കലും തെളിയാത്തതും തെളിഞ്ഞാല്‍ അണയാത്തതുമായ വഴിവിളക്കുകളാണ് തന്‍െറ വാര്‍ഡിലുള്ളതെന്ന് മെഡിക്കല്‍ കോളജ് ഗാന്ധിനഗര്‍ ഭാഗത്തെ കൗണ്‍സിലര്‍ ലീലാമ്മ ജോസഫിന്‍െറ ആക്ഷേപം കൂട്ടച്ചിരിക്കിടയാക്കിയെങ്കിലും അക്ഷരാര്‍ഥത്തില്‍ കെ.എസ്.ഇ.ബിയുടെ പൊതുചിത്രമാണ് എടുത്തുകാട്ടിയത്. വിളിച്ചാല്‍ ഫോണെടുക്കാത്ത ഓവര്‍സിയറെയും സന്ധ്യയായാല്‍ റിസീവര്‍ മാറ്റിവെക്കുന്ന സെക്ഷന്‍ ഓഫിസിനെയും പരാതി പറഞ്ഞാല്‍ തട്ടിക്കയറുന്ന ഉദ്യോഗസ്ഥരെയും അക്കമിട്ട് ചൂണ്ടിക്കാണിക്കുന്നതില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മന$പൂര്‍വം വൈദ്യുതി മുടക്കുന്ന ഉദ്യോഗസ്ഥരുണ്ട്. ഇത്തരക്കാരെ നിലക്ക് നിര്‍ത്തണമെന്നായിരുന്നു ഭരണപക്ഷത്തെ ടി.സി. റോയിയുടെ അഭിപ്രായം. നഗരത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കാന്‍ ഉതകുന്ന കോടിമതയിലെ സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം നീളുന്നതില്‍ മുന്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ ആശങ്ക അറിയിച്ചു. ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസ് സംരക്ഷിക്കുന്നതിനുള്ള വേലി സ്ഥാപിക്കാനുള്ള തീരുമാനം പൂര്‍ണമായും നടപ്പായില്ളെന്നും അദ്ദേഹം പറഞ്ഞു. പള്ളം സെക്ഷനെതിരെ കൗണ്‍സിലര്‍മാരായ സാബു പള്ളിവാതുക്കല്‍, പി.എന്‍. സരസമ്മാള്‍ എന്നിവര്‍ രൂക്ഷവിമര്‍ശമാണ് ഉന്നയിച്ചത്. പരാതിയുമായി ചെന്നപ്പോള്‍ കടലയും കുപ്പിയും മാത്രമായിരുന്നു രാത്രി പള്ളത്തെ ഓഫിസിലുണ്ടായിരുന്നതെന്നും ഇവര്‍ ആരോപിച്ചു. ചവിട്ടുവരി സെക്ഷന്‍െറ പരാധീനതയും പരാമര്‍ശിക്കപ്പെട്ടു. ഒമ്പത് ലൈന്‍മാന്‍മാര്‍ വേണ്ടിടത്ത് രണ്ടു പേരാണ് ഉള്ളതെന്നായിരുന്നു ബിജു ആര്‍. മോഹന്‍െറ പരാതി. ഇവിടുത്തെ ഓവര്‍സിയര്‍ ഫോണെടുക്കില്ളെന്നും സ്ഥിരം വൈദ്യുതി മുടക്കത്തില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍ കറന്‍റ് ബില്ലടക്കില്ളെന്ന് തീരുമാനിക്കേണ്ടി വരുമെന്നും കൗണ്‍സിലര്‍ ജോജി പറഞ്ഞു. കോടിമത സബ്സ്റ്റേഷനിലേക്കുള്ള പുതിയ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി പകരം പഴയതാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നതെന്ന് ടി.എന്‍. ഹരികുമാര്‍ ആക്ഷേപിച്ചു. ഗാന്ധിനഗര്‍ മുതല്‍ മെഡിക്കല്‍ കോളജുവരെ ഒരു തെരുവുവിളക്കുപോലും തെളിയുന്നില്ളെന്നായിരുന്നു വാര്‍ഡ് അംഗത്തിന്‍െറ പരാതി. കോട്ടയം നഗരത്തില്‍ തെരുവുവിളക്കുകള്‍ ഫ്യൂസ് കുത്താതിരിക്കുന്നതിനാല്‍ കത്താറില്ളെന്ന് ഗോപകുമാര്‍ പരാതിപ്പെട്ടു. മിക്കയിടത്തും തകര്‍ന്ന ഫ്യൂസ് കാരിയറുകളാണുള്ളത്. കലക്ടറേറ്റിന് സമീപത്തെ പോസ്റ്റുകള്‍പോലും കാട്ടുവള്ളി കയറിയ നിലയിലാണ്. താഴത്തങ്ങാടി, കുമ്മനം ഭാഗത്ത് തെരുവുവിളക്കില്ലാത്തത് ഈ മേഖലയില്‍ മാലിന്യം ആറ്റില്‍ തള്ളുന്നതിന് സാമൂഹികവിരുദ്ധര്‍ക്ക് തുണയാകുന്നുവെന്നായിരുന്നു കുഞ്ഞുമോന്‍ കെ. മത്തേറുടെ പരാതി. സി.എന്‍. സത്യനേശന്‍, അഡ്വ. ഷീജ അനില്‍, കെ. ശങ്കരന്‍, കെ.കെ. ശ്രീമോന്‍, ജാന്‍സി, ബിജു ആര്‍. മോഹന്‍ തുടങ്ങിയവരും സംസാരിച്ചു. നഗരസഭാ ആസ്ഥാനത്ത് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനുള്ള കാലതാമസം ചൂണ്ടിക്കാട്ടി അധ്യക്ഷത വഹിച്ച നഗരസഭാ ചെയര്‍പേഴ്സണും പരാതിക്കാരുടെ കൂട്ടത്തില്‍ ചേര്‍ന്നു. സമിതി കണ്‍വീനര്‍ കോട്ടയം അസി. എക്സി. എന്‍ജിനീയര്‍ എസ്. ബാബുജാന്‍, പള്ളം, ഗാന്ധിനഗര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.