എരുമേലി: എരുമേലിയില്‍ രണ്ടു ദിവസമായി കനത്ത മഴ പെയ്യുകയാണ്. ഇതോടെ ശബരിമല തീര്‍ഥാടനം മുന്നില്‍കണ്ട് കച്ചവടം ആരംഭിച്ച എരുമേലിയിലെ കച്ചവടക്കാരുടെ പ്രതീക്ഷകളും മഴയില്‍ കുതിരുന്നു. മണ്ഡല-മകരവിളക്ക് മാസങ്ങളിലെ ഉത്സവക്കച്ചവടത്തിനായി ലക്ഷങ്ങള്‍ വാടക നല്‍കി കടകളെടുത്ത് താല്‍ക്കാലിക കച്ചവടമാരംഭിച്ച വ്യാപാരികള്‍ക്ക് തമിഴ്നാട്ടില്‍ പെയ്ത കനത്തമഴയാണ് ആദ്യ പ്രഹരമേല്‍പിച്ചത്. ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കംമൂലം ശബരിമല ദര്‍ശനത്തിനായി തമിഴ്നാട്ടില്‍നിന്ന് എത്തുന്ന തീര്‍ഥാടകരില്‍ കുറവ് അനുഭവപ്പെട്ടു തുടങ്ങി. വെള്ളപ്പൊക്കത്തില്‍ ചെന്നൈയിലെ ഗതാഗതവും സ്തംഭിച്ചതോടെ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങി പമ്പയിലേക്ക് പുറപ്പെട്ടവര്‍ ഇടത്താവളമായ എരുമേലിയില്‍ എത്താതെയുമായി. ഇതോടെ എരുമേലിയില്‍ തീര്‍ഥാടകരുടെ ഗണ്യമായ കുറവും ഉണ്ടായി. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസമായി എരുമേലിയില്‍ തീര്‍ഥാടകത്തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയത് വ്യാപാരികള്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, രണ്ടു ദിവസമായി വൈകുന്നേരങ്ങളില്‍ മണിക്കൂറുകളോളം പെയ്തിറങ്ങുന്ന മഴ ഇക്കൊല്ലം വ്യാപാരികള്‍ക്ക് നഷ്ടമുണ്ടാക്കുമെന്നാണ് അറിയുന്നത്. തിങ്കളാഴ്ച വൈകുന്നേരം പെയ്ത ശക്തമായ ഇടിയിലും മഴയിലും എരുമേലി മണിക്കൂറോളം കൂരിരുട്ടിലുമായി. ശബരിമല തീര്‍ഥാടനകാലം അവസാനിക്കാന്‍ ഒരു മാസംകൂടി ബാക്കി നില്‍ക്കെ ഇനിയുള്ള ദിവസങ്ങളില്‍ മുടക്കു മുതലെങ്കിലും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന പ്രാര്‍ഥനയിലാണ് എരുമേലിയിലെ താല്‍ക്കാലിക കച്ചവടക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.