പൊന്‍കുന്നം: പമ്പ മുതല്‍ സന്നിധാനംവരെ ശബരിമല തീര്‍ഥാടകര്‍ക്കായി വനംവകുപ്പ് വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന്‍ ഡി.എഫ്.ഒ സി. ബാബു. പൊന്‍കുന്നത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പ മുതല്‍ സന്നിധാനംവരെ ടോയ്ലറ്റുകള്‍, ലഘുഭക്ഷണശാലകള്‍, വിശ്രമിക്കുന്നതിനായുള്ള ബെഞ്ചുകള്‍, പിടിച്ചു കയറാനുള്ള ബാരിക്കേഡുകള്‍ എന്നീ സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പമ്പയില്‍ സ്വാമി അയ്യപ്പന്‍ റോഡില്‍ വിഡിയോ വോള്‍ പ്രവര്‍ത്തനക്ഷമമാണ്. അയ്യപ്പഭക്തര്‍ക്ക് ഇവിടെ നിന്ന് ശബരിമലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനാകും. കുടിവെള്ള വിതരണമടക്കമുള്ള കാര്യങ്ങള്‍ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റികളാണ് നിര്‍വഹിക്കുന്നത്. അഴുത മുതല്‍ ചെറിയാനവട്ടം വരെയുള്ള 18 കി.മീ. ദൂരം ശബരിമല അയ്യപ്പ പൂങ്കാവന പുനരുദ്ധാരണ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റി നേതൃത്വത്തില്‍ 280 സേവനകേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്ളാന്‍ യാഥാര്‍ഥ്യമാകുന്നതോടെ നിലക്കല്‍ ബേസ് ക്യാമ്പായി മാറും. ഇതോടെ തീര്‍ഥാടകരെ നിശ്ചിത സമയത്ത് നിശ്ചിത എണ്ണത്തില്‍ ഇവിടെ നിന്ന് സന്നിധാനത്തേക്ക് അയക്കുന്നതോടെ ദര്‍ശനം സുഗമമാക്കാനും തിരക്ക് ഒഴിവാക്കാനും സാധിക്കും. പ്ളാനിന്‍െറ ഭാഗമായി പമ്പയില്‍നിന്ന് ശബരിമലക്ക് അപ്പവും അരവണയും പാകപ്പെടുത്തുന്നതിനുള്ള സാധനസമാഗ്രികള്‍ കൊണ്ടുപോകുന്നതിനു റോപ് വേ സംവിധാനവും ഒരുക്കും. ഇത്തവണ പമ്പയും സന്നിധാനവും ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നൂറുശതമാനവും പ്ളാസ്റ്റിക് മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാണ്. വനംവകുപ്പും വിവിധ സന്നദ്ധ സംഘടനകളും ചേര്‍ന്ന് പ്ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നുണ്ട്. ഇതിന് പുറമേ ബോധവത്കരണത്തിന്‍െറ ഭാഗമായി വനംവകുപ്പും വിവിധ സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് വിവിധ ഭാഷകളിലുള്ള ബോധവത്കരണ നോട്ടീസുകളും നല്‍കുന്നുണ്ട്. വരുംനാളുകളില്‍ മാലിന്യത്തിന്‍െറ അളവ് ഗണ്യമായ തോതില്‍ കുറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഡി.എഫ്.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.