അപകടരഹിത നിരത്തിനായി ‘മോഡല്‍ റോഡ് പദ്ധതി’ നടപ്പാക്കും –ഡി.ജി.പി

കോട്ടയം: വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപകടരഹിത നിരത്ത് സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മോഡല്‍ റോഡ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. തിരുവനന്തപുരത്ത് നടപ്പാക്കിയ പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടം ഏറെയുണ്ടാകുന്ന റോഡുകള്‍ തെരഞ്ഞെടുത്ത് നിശ്ചിത കി.മീ. ഭാഗത്ത് മോഡല്‍ റോഡ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പൊലീസ് സബ്ഡിവിഷനുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ചുമതല ഡി.വൈ.എസ്.പിമാര്‍ക്കാണ് നല്‍കുക. അപകടം ഏറെയുണ്ടാകുന്ന നിരത്തുകളില്‍ രണ്ടു മുതല്‍ അഞ്ചു കി.മീ. വരെ ഭാഗത്ത് പ്രത്യേക സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തും. ഇവിടെ എപ്പോഴും പൊലീസിന്‍െറ നിരീക്ഷണവും കാമറയും സ്ഥാപിക്കും. ഈ ഭാഗങ്ങളില്‍ ഉണ്ടാകുന്ന എല്ലാ ട്രാഫിക് ലംഘനങ്ങളും ഗൗരവമായ കുറ്റമായി കാണും. ശക്തമായ നടപടിയും എടുക്കും. ക്രമേണ പദ്ധതി എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കും. ട്രാഫിക് ലംഘനം മോഡല്‍ റോഡുകളില്‍ കണ്ടത്തെിയാല്‍ കനത്ത പിഴ നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു. കോട്ടയം ജില്ലയില്‍ പാലായിലും ചങ്ങനാശേരിയിലും കോട്ടയത്തും ജനുവരി ഒന്നുമുതല്‍ മോഡല്‍ റോഡ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതായി കോട്ടയം ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.