കോട്ടയം: ശബരിപാതകളില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. നവംബര്‍16ന് തീര്‍ഥാടനം ആരംഭിച്ച ശേഷം ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന പാതകളില്‍ ഇതുവരെ ചെറുതും വലുതുമായ 27 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ നിരവധി പേര്‍ മരിക്കുകയും 220ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ അപകടരഹിത തീര്‍ഥാടനമെന്ന പേരില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും ഏര്‍പ്പെടുത്തിയ എല്ലാ മുന്‍കരുതല്‍ സംവിധാനവും പാളി. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന പാതകളിലെല്ലാം 24 മണിക്കൂറും നിരീക്ഷണ സംവിധാനവുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും രംഗത്തുണ്ടായിട്ടും അപകടങ്ങള്‍ നിയന്ത്രിക്കാനോ അമിത വേഗം തടയാനോ കഴിഞ്ഞിട്ടില്ളെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അമിത വേഗത്തില്‍ പോകുന്ന തീര്‍ഥാടന വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കാനോ നടപടിയെടുക്കാനോ ഉദ്യോഗസ്ഥര്‍ തയാറാകാത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായെന്ന ആക്ഷേപവും ശക്തമാണ്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞാല്‍ അത് പ്രതിഷേധത്തിനിടയാക്കുമെന്ന ഭീതിയും പരിശോധനയില്‍നിന്ന് പിന്മാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രേരകമാകുന്നുണ്ട്. ശബരിമല തീര്‍ഥാടകര്‍ ഏറെയും ആശ്രയിക്കുന്ന മൂവാറ്റുപുഴ-കോട്ടയം എം.സി റോഡും തൊടുപുഴ-പാലാ സംസ്ഥാന പാതയും വികസനത്തിന്‍െറ പേരില്‍ കുത്തിപ്പൊളിച്ചിട്ടതോടെ തൊടുപുഴ-മുട്ടം-ഈരാറ്റുപേട്ട-എരുമേലി റോഡാണ് തീര്‍ഥാടകര്‍ ഉപയോഗിക്കുന്നത്. കുത്തിറക്കങ്ങളും അപകടകരമായ വളവുകളും ഉള്ള ഈ റൂട്ടിലാണ് അപകടങ്ങളേറെയും നടന്നത്. കഴിഞ്ഞ ദിവസവും അമിത വേഗത്തിലത്തെിയ അയ്യപ്പന്മാരുടെ വാഹനം ഓട്ടോയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. മുട്ടം-ഈരാറ്റുപേട്ട റോഡില്‍ രണ്ടു ദിവസം മുമ്പും തീര്‍ഥാടക വാഹനം അപകടത്തില്‍പെട്ടു. എന്നാല്‍, മതിയായ സുരക്ഷാ സംവിധാനം ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല.തീര്‍ഥാടനത്തിന് മുമ്പ് ചെയ്യേണ്ട ഇത്തരം നടപടി സ്വീകരിക്കുന്നതില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ളെന്ന പരാതിയും നിലനില്‍ക്കുന്നു. തീര്‍ഥാടനം ആരംഭിക്കുന്നതിന് മുമ്പ് മുട്ടം-ഈരാറ്റുപേട്ട റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ പൊതുമരാമത്ത് വകുപ്പും വീഴ്ച വരുത്തി. പൊട്ടിപ്പൊളിഞ്ഞ റോഡ് കുഴിയടക്കാന്‍ പോലും പൊതുമരാമത്ത് വകുപ്പ് മെനക്കെട്ടില്ല. എം.സി റോഡും തൊടുപുഴ-പാലാ റോഡും നിര്‍മാണം കൃത്യസമയത്ത് തീരില്ളെന്ന് അറിയാമായിരുന്നിട്ടും ബദല്‍ റോഡുകള്‍ കാര്യക്ഷമമാക്കുന്നതില്‍ വീഴ്ച വരുത്തിയതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. എം.സി റോഡിലും തൊടുപുഴ-പാലാ-പൊന്‍കുന്നം പാതയിലും നിര്‍മാണത്തിന്‍െറ ഭാഗമായി കുഴികളും പാലങ്ങള്‍ പൊളിച്ചിട്ടതും അറിയാതെ എത്തുന്നവരാണ് അപകടത്തില്‍പെടുന്നത്. വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കുന്നതില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും പരാജയപ്പെടുകയും ചെയ്തു. എം.സി റോഡിന്‍െറയും തൊടുപുഴ-പൊന്‍കുന്നം റോഡിന്‍െറയും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍തന്നെ വേണ്ടിവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.