ഗാന്ധിനഗര്‍ (കോട്ടയം): മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ പഴക്കട ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലത്തെി. രണ്ട് തവണയായുണ്ടായ സംഘര്‍ഷത്തില്‍ ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റും കടയുടമയും ഉള്‍പ്പടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ആര്‍പ്പൂക്കര പഞ്ചായത്ത് വക മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച അരങ്ങേറിയ സംഭവത്തില്‍ ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദ് പഞ്ഞിക്കാരന്‍ (53), വൈസ് പ്രസിഡന്‍റ് ബീനാ രാജേന്ദ്രന്‍ (43), കടയുടമ കോട്ടയം ഇല്ലിക്കല്‍ ചിറ്റടിയില്‍ (കൊടുവത്ര) അബൂബക്കര്‍ (64), ഭാര്യ ഐഷ (61), മക്കളായ ആസാദ് (40), ഷാജി (38), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആര്‍പ്പൂക്കര സ്വദേശികളായ അനൂപ് തോമസ് (25), കൊച്ചുമോന്‍ ജോസഫ് (32), ആര്‍പ്പൂക്കര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ആര്‍പ്പൂക്കര മുകളേല്‍ ലൂക്കാ മാത്യു (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സോഡാകുപ്പി കൊണ്ട് എറിഞ്ഞ് പ്രസിഡന്‍റിന്‍െറ ഇടതുകണ്ണിന്‍െറ മേല്‍ഭാഗത്തും വൈസ് പ്രസിഡന്‍റിന്‍െറ വലത് കാല്‍പാദത്തിനും മുറിവ് സംഭവിച്ചിട്ടുണ്ട്. അബൂബക്കറിന്‍െറ ഇടതുകൈക്ക് ഒടിവ് സംഭവിച്ചു. ആസാദിന്‍െറ തലക്ക് സോഡാക്കുപ്പികൊണ്ടുള്ള എറുകൊണ്ട് ആഴത്തില്‍ മുറിവ് സംഭവിച്ചിട്ടുണ്ട്. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് കണ്ട് തടസ്സംപിടിക്കുന്നതിനിടയില്‍ ഓടയിലേക്ക് മറിഞ്ഞുവീണാണ് ഐഷക്ക് പരിക്കേറ്റത്. സോഡാക്കുപ്പിയും കല്ലും കൊണ്ട് എറിഞ്ഞതിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റത്. എല്ലാവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തിച്ചിരുന്ന ഫ്രൂട്ട് സ്റ്റാള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് രണ്ട് ഘട്ടങ്ങളിലായി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ന് കടയില്‍ എത്തിയ പഞ്ചായത്ത് പ്രസിഡന്‍റും മറ്റ് രണ്ട് മെംബര്‍മാരും ചേര്‍ന്ന് അനധികൃതമായി സ്ഥാപിച്ച കട പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, താല്‍ക്കാലികമായി ഒഴിയേണ്ടതില്ളെന്ന് ഹൈകോടതിയുടെ വിധി ഉള്ളതിനാല്‍ മാറ്റാനാവില്ളെന്ന് കടയുടമ വ്യക്തമാക്കി. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും പ്രസിഡന്‍റ് കട തള്ളിയിടാന്‍ ശ്രമിക്കുകയുമായിരുന്നു. തടസ്സം പിടിക്കുന്നതിനിടെയാണ് കടയുടമ അബൂബക്കറിന് നേരെ അക്രമമുണ്ടായത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ ഉച്ചക്ക് ഒന്നോടെ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ യു.ഡി.എഫ് മെംബര്‍മാര്‍ കടകള്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാന്‍ഡിലേക്ക് ബസ് പ്രവേശിക്കുന്നത് തടസ്സപ്പെടുത്തി ഉപരോധം ആരംഭിച്ചു. പഞ്ചായത്ത് അംഗങ്ങള്‍ ബസ് അകത്തേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ ഉപരോധം ആരംഭിച്ചതിനെ തുടര്‍ന്ന് അഭിവാദ്യം അര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ് പുറത്തേക്കുപോകുന്ന കവാടം ഉപരോധിച്ചു. സമരം തുടരുന്നതിനിടെ വൈകീട്ട് 3.30ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അബൂബക്കറിന്‍െറ കടക്കുനേരെ ആക്രമണം നടത്തി. കടയുടെ ഭാഗത്ത് നില്‍ക്കുകയായിരുന്ന ആസാദിനെയും സഹോദരന്‍ ഷാജിയെയും ഇവര്‍ ആക്രമിച്ചു. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍നിന്ന് സോഡാക്കുപ്പിയും കരിങ്കല്ല് കഷണങ്ങളും ഏറിഞ്ഞു. പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ കടയുടെ ഭാഗത്തേക്ക് വരവെ ഇത് ഇവരുടെ മേല്‍ പതിച്ചു. പ്രസിഡന്‍റിന്‍െറ നെറ്റിയില്‍നിന്ന് രക്തം വാര്‍ന്നൊഴുകിയപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയിലാക്കിയ ഉടന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം ശക്തമാക്കി. ക്രൂരമായ മര്‍ദനത്തിന് വിധേയമായ ഷാജിയെയും തലക്ക് പരിക്കേറ്റ ആസാദിനെയും മറ്റുള്ള തട്ടുകടക്കാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് അഞ്ചോടെ പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിനഗര്‍ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചും നടത്തി. അനധികൃതമായാണ് കട പ്രവര്‍ത്തിക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് കട ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.