കോട്ടയം: കൗണ്‍സില്‍യോഗ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനി മുതല്‍ കൗണ്‍സില്‍ അംഗങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കും. കോട്ടയം നഗരസഭ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ പദ്ധതി. പേപ്പര്‍ലെസ് ഓഫിസാക്കി മാറ്റുന്നതിന് മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കിയ സകര്‍മ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കൗണ്‍സില്‍ യോഗം ഓണ്‍ലൈന്‍ ആക്കുന്നത്. കൗണ്‍സില്‍ യോഗത്തിന്‍െറ അജണ്ട, ഉന്നയിക്കേണ്ട ചോദ്യത്തരങ്ങള്‍, മിനുട്സ്, ഹാജര്‍നില എന്നിവ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി കിട്ടുന്നതിന് സംവിധാനമൊരുക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ സോഫ്റ്റ്വെയറിന്‍െറ ആദ്യഘട്ടത്തില്‍ സെക്രട്ടറി ക്രോഡീകരിച്ച് നല്‍കുന്ന അജണ്ട നഗരസഭാധ്യക്ഷ പരിശോധിക്കും. തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ ഉള്‍പ്പെടുത്തേണ്ട അജണ്ടക്ക് നഗരസഭാധ്യക്ഷ അന്തിമ അനുമതി നല്‍കിയാല്‍ അംഗങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ലഭിക്കുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായി പ്രഥമകൗണ്‍സില്‍ യോഗത്തില്‍ എത്തിയ മുഴുവന്‍ അംഗങ്ങളുടെയും ഇ-മെയില്‍, ഫോണ്‍ എന്നിവ ശേഖരിച്ചിട്ടുണ്ട്. മുന്‍കൂട്ടി മൊബൈല്‍വഴി ലഭിക്കുന്ന അജണ്ടകള്‍ക്ക് അനുബന്ധമായ ചോദ്യങ്ങള്‍ തയാറാക്കി അംഗങ്ങള്‍ക്ക് നല്‍കാനും അവസരമുണ്ടായിരിക്കും. യോഗനടപടികള്‍ അപ്പപ്പോള്‍ തന്നെ അറിയാനും സംവിധാനമുണ്ട്. യോഗത്തിന്‍െറ മിനുട്സ് ഡാറ്റ എന്‍ട്രി ഓപറേറ്ററുടെ സഹായത്തോടെ സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യുന്നതോടെ വിവരങ്ങള്‍ അംഗങ്ങള്‍ക്ക് ലഭിക്കും. യോഗത്തില്‍ ഹാജരായ അംഗങ്ങളെക്കുറിച്ചുള്ള വിവരവും തല്‍സമയം അറിയാം. നഗരസഭയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍ പുതിയ സോഫ്റ്റ്വെയറിലേക്കുള്ള ലിങ്കും നല്‍കിയിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്കും വിവരങ്ങള്‍ ശേഖരിക്കാനും മനസ്സിലാക്കാനും കഴിയും. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടം പരിശീലനം പൂര്‍ത്തിയാക്കിയതായി സെക്രട്ടറി എ.സി. കുര്യാക്കോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.