കോട്ടയം: മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ‘വാതാപിഗണപതിം ഭജേഹം’...കീര്‍ത്തനം ആലപിച്ച ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശുദ്ധസംഗീതത്തിന്‍െറ തെളിമ കാത്തുസൂക്ഷിക്കുന്ന തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണം സംഗീതസാന്ദ്രമാണ്. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ഭക്തരും സംഗീതാസ്വാദകരും ചേര്‍ന്ന് രൂപംകൊടുത്ത ശ്രീകൃഷ്ണഗാനസഭാ നേതൃത്വത്തില്‍ തുടക്കമിട്ട തിരുവാര്‍പ്പ് ചെമ്പൈ സംഗീതോപാസനക്ക് 25 വയസ്സ്. ചെമ്പൈ പാടി പ്രസിദ്ധമാക്കിയ ‘രഘുവര സാരസാക്ഷപരിപാലയാ, ശിവശിവശിവയനരാധ, പാവനഗുരു, തായേ യശോദ, ക്ഷീരസാഗര ശയന...എന്നീ കീര്‍ത്തനങ്ങള്‍ ആലപിക്കാന്‍ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി മുതല്‍ സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി വരെയുള്ളവരുടെ നീണ്ടനിരയുമുണ്ട്. ചെമ്പൈ കുടുംബത്തിലെ അംഗമായ മാതംഗി സത്യമൂര്‍ത്തി 19 വര്‍ഷമായി തുടര്‍ച്ചയായത്തെുന്നുവെന്ന പ്രത്യേകതയുണ്ട്. മൂന്നുതവണ മാതംഗി സത്യമൂര്‍ത്തിയെ വെള്ളപ്പൊക്കം വഴിമുടക്കിയെങ്കിലും നീന്തിക്കയറിയാണ് സംഗീതക്കച്ചേരി നടത്തി മടങ്ങിയത്. കെ.ജി. ജയന്‍ (ജയവിജയ), കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രഫ.കെ.സി. കല്യാണസുന്ദരം, പി.ആര്‍. കുമാരവര്‍മ, മാവേലിക്കര സുബ്രഹ്മണ്യന്‍, ചെങ്കോട്ട ഹരി, കലാക്ഷേത്രം മാത്യു, ആയാംകുടി മണി, കെ. വീരമണി, വൈക്കം രാജമ്മാള്‍, കുമ്മനം സത്യനേശന്‍ തുടങ്ങിയവരടക്കമുള്ള കലാകാരന്മാര്‍ വിവിധവര്‍ഷങ്ങളിലെ സംഗീതാലാപനത്തില്‍ കണ്ണികളായി. 1990ല്‍ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ ഊട്ടുപുരയുടെ മുകളില്‍ ഒരുദിവസത്തെ സംഗീതസമ്മേളനത്തോടെയായിരുന്നു തുടക്കം. ധാരാളം പാട്ടുകാര്‍ വന്നതോടെ അടുത്തവര്‍ഷം രണ്ടു ദിവസമായി വിപുലപ്പെടുത്തി. വീണ്ടും കലാകാരന്മാരുടെ അധികസാന്നിധ്യം മൂലം ചിലര്‍ക്ക് പങ്കെടുക്കാനായില്ല. ഇതിന് പരിഹാരമായാണ് ചെമ്പൈ സംഗീതോത്സവം മൂന്നു ദിവസമായി നിശ്ചയിച്ചത്. അഷ്ടമിരോഹിണി ഉത്സവത്തോടനുബന്ധിച്ച് ‘സംഗീതോത്സവം’ നടത്തുന്ന അപൂര്‍വക്ഷേത്രമെന്ന പ്രത്യേകതയുണ്ട്. കലാവാസനയുള്ള കുട്ടികള്‍ക്കായി ‘ചെമ്പൈ സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് എന്നപേരില്‍ സംഗീതവിദ്യാലയവും പ്രവര്‍ത്തിക്കുന്നുണ്ട്. സെപ്റ്റംബര്‍ മൂന്നു മുതല്‍ അഞ്ചുവരെ വിവിധ പരിപാടികളോടെ ചെമ്പൈ സംഗീതോപാസനയുടെ രജതജൂബിലി ആഘോഷിക്കും. മൂന്നിന് വൈകീട്ട് അഞ്ചിന് സിനിമ പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കലാകാരന്മാരായ തിരുവിഴ ജയശങ്കര്‍, വൈക്കം രാജമ്മാള്‍, നെടുമങ്ങാട് ശിവാനന്ദന്‍, മാതംഗി സത്യമൂര്‍ത്തി, ഫാ.എം.പി. ജോര്‍ജ്, കഥകളി ചെണ്ടമേള കലാകാരന്‍ കലാമണ്ഡലം വേണുമോഹന്‍, ഗാനസഭാ പ്രസിഡന്‍റ് കെ.പി. അനന്തരാമന്‍ എന്നിവരെ ആദരിക്കും. വൈകീട്ട് ആറു മുതല്‍ കലാമണ്ഡലം ഗോപിയുടെ നളചരിതം രണ്ടാം ദിവസം കഥകളിയും അരങ്ങേറും. നാലിന് വൈകീട്ട് നാലിന് ജയശ്രീ രാജീവ് കണ്ണൂര്‍ അവതരിപ്പിക്കുന്ന സംഗീതസദസ്സ്, ആറിന് തൃശൂര്‍ അകാശവാണിയിലെ സി.എസ്. അനൂപും സംഘവും അവതരിപ്പിക്കുന്ന നാദതാള സമന്വയം. അഞ്ചിന് രാവിലെ ഏഴിന് താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പഞ്ചരത്ന കീര്‍ത്തനാലാപനം, വൈകീട്ട് ആറിന് സംഗീതസംവിധായകന്‍ ശരത്തും സംഘവും അവതരിപ്പിക്കുന്ന സംഗീതസദസ്സും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.