നഗരത്തിലെങ്ങും വഴിയോര കച്ചവടം തകൃതി

കോട്ടയം: നഗരം ഓണാഘോഷത്തിന്‍െറ പിടിയിലമര്‍ന്നതോടെ വഴിവാണിഭവും അരങ്ങുതകര്‍ക്കുന്നു. വന്‍വിലക്കുറവില്‍ അവശ്യസാധനങ്ങളെല്ലാം കിട്ടുമെന്നതിനാല്‍ സാധാരണക്കാരെല്ലാം ആശ്രയിക്കുന്നത് വഴിയോരക്കച്ചവടക്കാരെയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങളും ചെരുപ്പുകളും വീട്ടുസാധനങ്ങളുമെല്ലാം വഴിയോരക്കച്ചവടക്കാര്‍ വില്‍പനക്ക് ഒരുക്കിയിട്ടുണ്ട്. നഗരത്തില്‍ ടി.ബി റോഡിലും കെ.കെ.റോഡിലും സെന്‍ട്രല്‍ ജങ്ഷനിലുമെല്ലാം നൂറുകണക്കിന് വഴിയോരക്കച്ചവടക്കാരാണ് നിരന്നിരിക്കുന്നത്.ഓണക്കച്ചവടം മുന്‍കൂട്ടി കണ്ട് ആഴ്ചകള്‍ക്കു മുമ്പുതന്നെ നഗരത്തിലത്തെിയ അന്യസംസ്ഥാനക്കാരും ഇതിലുണ്ട്. ഷര്‍ട്ടുകള്‍ ഏതെടുത്താലും 100രൂപയാണ് വില. പാന്‍റ്സുകളും ജീന്‍സുകളും 200ലഭിക്കും. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ക്ക് 100 മുതല്‍ 150 രൂപവരെ വിലയ്ക്ക് കിട്ടും. ഇതിന് പുറമേ വീട്ടുസാധനങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുവെന്നതും ഉപഭോക്താക്കളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. സാരികളും ചുരിദാറുകളും 200 രൂപമുതല്‍ ഇവ ലഭിക്കും. വിലകുറഞ്ഞ ഇനങ്ങളും കിട്ടുമെന്നതിനാല്‍ മികച്ച വില്‍പന ലഭിക്കുന്നതായി കച്ചവടക്കാര്‍ പറയുന്നു. പഴം-പച്ചക്കറി വില്‍പനക്കാരും നഗരം നിറഞ്ഞുകഴിഞ്ഞു. പച്ചക്കറി കിറ്റുകളുടെ വില്‍പനയാണ് ഏറെയും നടക്കുന്നത്. വഴിവാണിഭക്കാര്‍ നിരത്ത് കൈയടക്കിയതോടെ സ്ഥിരം കച്ചവടക്കാര്‍ ഇവര്‍ക്കെതിരെ രംഗത്തുവരുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു. എന്നാല്‍, ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതോടെ എതിര്‍പ്പുകള്‍ പലപ്പോഴും നിശ്ശബ്ദമാവുകയാണ്. പ്രതിദിനം പതിനായിരത്തിന് മേല്‍ രൂപയുടെ വില്‍പനയാണ് ഇവിടെ നടക്കുന്നത്. നഗരത്തിലെങ്ങും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ പ്രദര്‍ശനവും വില്‍പനയും സജീവമായിട്ടുണ്ട്. ലക്ഷങ്ങള്‍ വാടക നല്‍കി പത്തോളം സ്ഥാപനങ്ങളാണ് വ്യാപാര പ്രദര്‍ശനവുമായി നഗരത്തില്‍ എത്തിയിട്ടുള്ളത്. എല്ലാവര്‍ഷവും കോട്ടയത്തത്തെുന്ന ഇവര്‍ക്ക് ലക്ഷങ്ങളുടെ വില്‍പനയാണ് ലഭിക്കുന്നത്. അതിനാല്‍ അടുത്തവര്‍ഷത്തേക്ക് ഹാളുകളും ഓഡിറ്റോറിയങ്ങളും അഡ്വാന്‍സ് ബുക്കിങ് നടത്തിയാണ് ഇവര്‍ മടങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.