പാലാ: കണ്‍സ്യൂമര്‍ ഫെഡ് പാലായില്‍ തുടങ്ങിയ വിദേശമദ്യ സൂപ്പര്‍ മാര്‍ക്കറ്റ് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ഉപരോധിച്ചു. മുനിസിപ്പാലിറ്റിയുടെ കെട്ടിട നമ്പറോ ലൈസന്‍സോ ഇല്ലാതെയും അനധികൃത ബോര്‍ഡ് സ്ഥാപിച്ചും ബ്രാഹ്മണമഠം ശ്മശാനത്തില്‍നിന്ന് ദൂരപരിധി ലംഘിച്ചുമാണ് കണ്‍സ്യൂമര്‍ഫെഡ് ഒൗട്ട്ലെറ്റും സൂപ്പര്‍മാര്‍ക്കറ്റും പ്രവര്‍ത്തനം ആരംഭിച്ചതെന്ന് സമരക്കാര്‍ ആരോപിച്ചു. അബ്കാരി നിയമങ്ങള്‍ കാറ്റില്‍പറത്തി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം കലക്ടര്‍ ഇടപെട്ട് അടച്ചുപൂട്ടണമെന്ന് സമിതി ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധമെന്ന കേരള സര്‍ക്കാറിന്‍െറ പ്രഖ്യാപനത്തെ അട്ടിമറിച്ച് പാവപ്പെട്ടവരെ ചൂഷണം ചെയ്ത് ഭ്രാന്തനും തെമ്മാടിയും കൊള്ളരുതാത്തവനുമാക്കാന്‍ കേരളത്തിലുടനീളം വിദേശമദ്യച്ചന്തകള്‍ തുറക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു. ഉപരോധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്ന് ഉദ്ഘാടനം ഉപേക്ഷിച്ച് വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മദ്യശാല പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. സമിതി റീജനല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു എബ്രഹാം, ജോസ് ഫ്രാന്‍സിസ്, സിസ്റ്റര്‍ റെനി എഫ്.സി.സി, സിസ്റ്റര്‍ ലിസ് മരിയ, ജോസ് കവിയില്‍, സിസ്റ്റര്‍ സ്റ്റാര്‍ളി, സിസ്റ്റര്‍ റോസി, മറിയുമ്മ ലൂക്കോസ്, ജോയിച്ചന്‍ പൊട്ടംകുളം, എബ്രഹാം ഫ്രെഞ്ചി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.