വെളിയം: ഓടനാവട്ടം, വെളിയം, പൂയപ്പള്ളി, നെടുമൺകാവ്, ഓയൂർ പ്രദേശങ്ങളിൽ ആഡംബര ബൈക്കുകൾ അമിത വേഗത്തിൽ പോകുന്നതിനെതിരെ പൂയപ്പള്ളി പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. സ്കൂൾ സമയത്തും അല്ലാതെയും വിദ്യാർഥികൾ ആഡംബര ബൈക്കുകളിൽ സഞ്ചരിക്കുന്നത് കാൽനടയാത്രികർക്കും മറ്റ് വാഹനങ്ങൾക്കും ബുദ്ധിമുട്ടാകുന്നു. രാവിലെ 7.30 ഓടെ ജങ്ഷനുകളിൽ എത്തുന്ന ബൈക്കുകളിൽ മൂന്നും നാലും പേർ ഒരുമിച്ചാണ് സഞ്ചരിക്കുന്നത്. സ്കൂളുകളുടെ ഇടവഴികളിലും തിരക്കുള്ള റോഡുകളിലൂടെയുമാണ് യാത്ര. ഓടനാവട്ടം ജങ്ഷനിലൂടെ ഇത്തരത്തിൽ കറങ്ങിയ യുവാക്കളെ നാട്ടുകാർ തടഞ്ഞുനിർത്തി ഉപദേശിച്ച ശേഷം പറഞ്ഞുവിട്ടിരുന്നു. ബൈക്കുകളിൽ പായുന്നത് തുടരുന്നതിനാൽ പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഓയൂർ ജങ്ഷനിലും സമീപത്തെ പയ്യക്കോട്ടും ബൈക്കുകൾ അമിത വേഗതത്തിലാണ് സഞ്ചരിക്കുന്നത്. ബൈക്കുകളുടെ സൈലൻസറുകൾ ഇളക്കി മാറ്റി വൻ ശബ്ദത്തോടെയാണ് സഞ്ചരിക്കുന്നത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകളും നിരത്തിലൂടെ കടന്നുപോകുന്നുണ്ട്. ഇതിനാൽ ഇത്തരക്കാരെ കണ്ടെത്താനും സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പൂയപ്പള്ളിയിൽ കൊട്ടാരക്കര, -ഓയൂർ, കൊല്ലം-, കുളത്തൂപ്പുഴ റോഡുകൾ കടന്നുപോകുന്ന ജങ്ഷനിലൂടെയാണ് അപകടകരമായ രീതിയിൽ സഞ്ചരിക്കുന്നത്. ഓടനാവട്ടത്ത് ആറ് മാസത്തിനിടെ മൂന്ന് പേർക്ക് ബൈക്കിടിച്ച് പരിക്കേറ്റു. ജങ്ഷനിൽ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ബൈക്കുകളും എത്തുന്നുണ്ട്. ഇതുമൂലം ആളുകൾക്ക് റോഡ് മുറിച്ചുകടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഒരു വർഷം മുമ്പ് ഓയൂരിൽ ആഡംബര ബൈക്കുകൾ ഉപയോഗിക്കുന്ന യുവാക്കളിൽനിന്ന് കഞ്ചാവും മറ്റും പിടിച്ചെടുത്തിരുന്നു. ഓയൂരിൽ സന്ധ്യ കഴിഞ്ഞാൽ ബൈക്കുകളിലാണ് കഞ്ചാവ് എത്തിക്കുന്നത്. ജങ്ഷനിൽനിന്ന് 100 മീറ്റർ അകലെയുള്ള ചന്തക്ക് സമീപത്താണ് കഞ്ചാവ് വിൽപന നടക്കുന്നത്. സിറിഞ്ചും ആംപ്യൂളും ഇവിടെ നിന്ന് നാട്ടുകാർ കണ്ടെത്തിയിരുന്നു. കർശന നടപടിയെടുക്കാൻ പൊലീസും മോേട്ടാർവാഹനവകുപ്പും തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.