കടവൂരിൽ മണ്ണ് കൊണ്ടുള്ള ഉയരപ്പാത പൊളിച്ച് തൂണുകൊണ്ടുള്ള ഉയരപ്പാത നിർമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു
അഞ്ചാലുംമൂട്: മൈലക്കാട് ദേശീയപാത അപകടത്തിന്റെ പശ്ചാത്തലത്തിൽ, സമാന അപകടസാധ്യതയുള്ള കടവൂരിൽ തൂണിൽ പാലം നിർമിക്കാൻ നടപടി ആരംഭിച്ചു. മങ്ങാട് കടവൂർ പാലം മുതൽ കടവൂർ ഒറ്റയ്ക്കൽ ജങ്ഷൻ വരെ മണ്ണ് കൊണ്ട് നിർമിച്ച റിട്ടെയ്നിങ്ങ് ഭിത്തിയോടു കൂടിയ ഉയരപ്പാതക്ക് പകരം തൂണിലുള്ള പാതയുടെ നിർമാണം ആരംഭിച്ചു. മണ്ണുകൊണ്ട് നിർമിച്ച ഉയരപ്പാതയുടെ നിർമാണം അവസാന ഘട്ടത്തിലായിരുന്നു. ഇത് പൊളിച്ചുനീക്കിയാണ് പുതിയ തൂൺ പാലം നിർമിക്കുന്നത്.
മൈലക്കാട് അപകടത്തെ തുടർന്ന് മറ്റ് ചില സ്ഥലങ്ങളിലും സമാന അപകടസാധ്യത ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കടവൂർ ഭാഗത്ത് തൂണിലുള്ള ഉയരപ്പാത നിർമിക്കാൻ തീരുമാനിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചത്. സി.കെ.പി മുട്ടത്തു മൂല റോഡ് വരെ തൂണിലുള്ള ഉയരപ്പാത വേണമെന്ന ആവശ്യവും പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്.
ദേശീയപാത ഉന്നത അധികാരികളുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്തുമെന്ന് പ്രദേശത്തെ കൗൺസിലർമാർ അറിയിച്ചു. അതേസമയം, കടവൂർ-നീരാവിൽ റോഡിലും ദേശീയപാത നിർമാണം ആരംഭിച്ചതോടെ ഇരുഭാഗത്തുമുള്ള പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടിലാണ്. ചെറിയ വാഹനങ്ങൾ കടന്നുപോകാനെങ്കിലും അടിപ്പാത വേണമെന്ന ആവശ്യവും പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.