കൊല്ലം: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കൊല്ലം ബീച്ചിലെ നവീകരണ പദ്ധതികൾ കടലാസിൽ ഒതുങ്ങി. കഴിഞ്ഞ വർഷം ആദ്യം പ്രഖ്യാപിച്ച 25 കോടിയുടെ നവീകരണ പദ്ധതികളാണ് പ്രാഥമിക നടപടികൾ പോലുമാകാതെ ഇഴയുന്നത്. 10 കോടി രൂപ വീതം ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ച ബീച്ച് ഓഫ്ഷോർ പദ്ധതി, ടൂറിസം വകുപ്പിന്റെ ബീച്ച് വികസന പദ്ധതി എന്നിവക്ക് വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കി അംഗീകാരത്തിന് സർക്കാറിൽ സമർപ്പിച്ചിട്ട് എട്ടുമാസമായി. അഞ്ചു കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ബീച്ച് മറീനയുടെ കരട്രേഖയും തയാറാക്കിയിരുന്നു. സംസ്ഥാന തീരദേശ വികസന കോർപറേഷനെയിരുന്നു പദ്ധതികളുടെ നിർവഹണം ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയിരുന്നത്.
ബീച്ചിന്റെ നീളം ഇരുവശങ്ങളിലും വർധിപ്പിക്കുക, ബീച്ചിനെയും തൊട്ടുമുന്നിലുള്ള റോഡിനെയും വേർതിരിച്ച് അധികം ഉയരമില്ലാത്ത ഭിത്തി നിർമിക്കുക, ഭിത്തികളിൽ ചിത്രം വരച്ച് മനോഹരമാക്കുക, ഇതിനോട് ചേർന്ന് നടപ്പാതയും ഇരിപ്പിടങ്ങളുമൊരുക്കുക, ഓപ്പൺ എയർ സ്റ്റേഡിയം നവീകരിക്കുക, അപകട ഭിഷണി ഇല്ലാതാക്കുക, തീരത്തുനിന്ന് 200 മീറ്റർ മാറി ബീച്ചിന് സമാന്തരമായി കടലിലെ ആഴം കുറഞ്ഞ ഭാഗത്ത് ജിയോ ട്യൂബുകൾ സ്ഥാപിക്കുക, ഇതിന്റെ ഒരു കിലോമീറ്റർ പരിധിയിലെ രണ്ട് വശങ്ങളിൽ ചെറിയ പുലിമുട്ടുകൾ സ്ഥാപിച്ച് തിരമാലകളുടെ ശക്തി കുറച്ച് അപകടങ്ങൾ ഒഴിവാക്കുക എന്നിവ അടക്കം പദ്ധതിയുടെ ഭാഗമായി കണ്ടിരുന്നു. എന്നാൽ ഇക്കാര്യത്തിലൊന്നും യാതൊരും പുരോഗതിയും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം വൈകീട്ട് പുതുവത്സരാഘോഷത്തിന് ആയിരങ്ങളാണ് കൊല്ലം ബീച്ചിലെത്തിയത്. എന്നാൽ ആവശ്യത്തിന് വെളിച്ചംപോലും ഇവിടെ സജ്ജീകരിച്ചിരുന്നില്ല. കൊല്ലം ബീച്ചിന് സംസ്ഥാനത്തെ മറ്റ് ബീച്ചുകളേക്കാൾ ആഴം കൂടുതലാണ്. തീരദേശ മണ്ണൊലിപ്പിന്റെ തോത് ഉയർന്നതും ബീച്ചിന് ഉയർന്ന ചരിവ് ഉള്ളതിനാലും വലിയ തിരമാലകൾ വരുമ്പോൾ പലപ്പോഴും അപകടങ്ങളുണ്ടാവാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.