കുന്നിക്കോട്: ഗ്രാമത്തിന്‍െറ ജലകലവറയായിരുന്ന പള്ളിച്ചിറ നശിച്ചതോടെ കുടിവെള്ളമില്ലാതെ കുളപ്പുറം നിവാസികള്‍ ദുരിതത്തില്‍. വിളക്കുടി പഞ്ചായത്തിലെ കുളപ്പുറം വാര്‍ഡിലെ വറ്റാത്ത ജലസ്രോതസ്സായിരുന്നു പള്ളിച്ചിറ. ഒന്നേമുക്കാല്‍ ഏക്കറായിരുന്നു കുളത്തിന്‍െറ വിസ്തൃതി. സമീപത്തെ വാക്കലറ എലയില്‍ കൃഷികള്‍ നാമ്പിട്ടിരുന്നത് ഇവിടത്തെ ജലം കൊണ്ടായിരുന്നു. മൂന്നൂറിലധികം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ ഫണ്ടും നാട്ടുകാരുടെ സഹകരണവും കൊണ്ട് ചുറ്റും സംരക്ഷണഭിത്തി കെട്ടുകയും പടവുകള്‍ സ്ഥാപിക്കുകയും റാമ്പ് നിര്‍മിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കൃത്യമായ സംരക്ഷണമില്ലാതായതോടെ ചിറ നശിക്കാന്‍ തുടങ്ങി. ഒഴുകിയിറങ്ങിയ മഴവെള്ളത്തിലൂടെ വന്‍തോതില്‍ മണ്ണും മാലിന്യവും ചിറയിലേക്ക് എത്തി. ഇതോടെ ആഴം കുറയുകയും വേനല്‍ക്കാലത്ത് ജലനിരപ്പ് ക്രമാതീതമായി കുറയുകയും ചെയ്തു. നിലവില്‍ പൂര്‍ണമായും കാടുമൂടിയും പായലുകള്‍ വളര്‍ന്നും കിടക്കുകയാണ്. പഞ്ചായത്തിന്‍െറ ചുമതലയില്‍ കുളം നവീകരണം ലക്ഷ്യമിട്ടെങ്കിലും ഫണ്ട് അപര്യാപ്തമായതിനാല്‍ ശ്രമം ഉപേക്ഷിച്ചു. പിന്നീട് പത്തനാപുരം ബ്ളോക് പഞ്ചായത്ത് 14 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ ഫണ്ടിന്‍െറ അപര്യാപ്തതയില്‍ അന്നും നടന്നില്ല. നീന്തല്‍ പരിശീലനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിനല്‍കാമെന്ന് അന്നത്തെ മന്തിയും സ്ഥലം എം.എല്‍.എയുമായ കെ.ബി. ഗണേഷ്കുമാര്‍ പഞ്ചായത്തിനെ അറിയിച്ചിരുന്നതാണ്. ലാന്‍ഡ് ഡെവലപ്മെന്‍റ് ബോര്‍ഡ് 58 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപനവും ഉണ്ടായി. ഏലാ വികസനം കൂടി ചൂണ്ടിക്കാട്ടി അത് 17 ആക്കി കുറച്ചു. അതോടെ ഇരു പദ്ധതികളും പാതിയില്‍ നിലച്ചു. കുളിക്കുന്നതിനും അലക്കുന്നതിനും ഉപരിയായി ശുദ്ധീകരിച്ച് പാചകത്തിനുവരെ ചിറയിലെ ജലം ഉപയോഗിച്ചിരുന്നതായി പഴമക്കാര്‍ ഓര്‍ക്കുന്നു. ചിറയെ ആശ്രയിച്ചിരുന്ന വലിയൊരു ആവാസവ്യവസ്ഥ ജീവജലത്തിനായി ബുദ്ധിമുട്ടുമ്പോഴും പദ്ധതികളെല്ലാം ഫയലുകളില്‍ മാത്രമായി ഒതുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.