കരിമണല്‍ ഖനനം: കോവില്‍ത്തോട്ടം നിവാസികള്‍ സമരത്തിന്

കൊല്ലം: കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് കോവില്‍ത്തോട്ടം പ്രദേശത്ത് അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. കരിമണല്‍ ഖനനം മൂലം പ്രദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹാരമില്ലാതെ തുടരുന്നതിനിടെ സെന്‍റ് ആന്‍ഡ്രൂസ് ദേവാലയത്തിന്‍െറ ഭൂമി കൂടി നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നതാണ് പ്രദേശവാസികളുടെ എതിര്‍പ്പ് രൂക്ഷമാക്കിയിട്ടുള്ളത്. അധികൃതരുടെ നിലപാടുകള്‍ക്കെതിരെ ശനിയാഴ്ച രാവിലെ 10ന് ഇടവക വിശ്വാസികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ചവറ വില്ളേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്പനി വാഗ്ദാനം ചെയ്ത പാക്കേജ് പ്രകാരമുള്ള പുനരധിവാസം നടപ്പാക്കുക, കരിമണല്‍ ഖനനം ചെയ്ത കുഴികള്‍ നികത്തുക, പുലിമുട്ട് സ്ഥാപിക്കുക, സെമിത്തേരി സംരക്ഷിക്കുക, പള്ളി ഭാരവാഹികള്‍ക്കെിരെ കള്ളക്കേസെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഹൈകോടതിവിധിയടക്കം ലംഘിച്ചാണ് കോവില്‍ത്തോട്ടത്ത് പള്ളിവക ഭൂമിയില്‍ കൂടി മണല്‍ കൊണ്ടുപോകുന്നത്. അശാസ്ത്രീയമായി 35 മീറ്റര്‍ ആഴത്തില്‍വരെ ഖനനം നടത്തിയത് പ്രദേശത്ത് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ മാരകരോഗങ്ങള്‍ക്ക് അടിമകളാവുകയാണ്. അര്‍ബുദ ബാധിതരുടെയടക്കം എണ്ണം വര്‍ധിക്കുന്നു. ആസിഡ് കലര്‍ന്ന ജലം ഒഴുക്കുന്നതുമൂലം മത്സ്യസമ്പത്തും വന്‍ തോതില്‍ നശിക്കുന്നു. കിണറുകളിലെ വെള്ളം ഉപയോഗിക്കാനാവാത്ത സാഹചര്യവും നിലനില്‍ക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഇടവക വികാരി ഫാ. ഷാനി ഫ്രാന്‍സിസ്, ഫാ. സെഫ്റിന്‍, ബി. ഹെന്‍റി, സണ്ണി ജോസഫ്, മൈക്കിള്‍ വലന്‍റയ്ന്‍, ഫെലിക്സ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.