ജോസ് മോനുവേണ്ടി മേരിക്കൊരു മതില്‍ കെട്ടണം

ചവറ: സ്വന്തം പുരയിടത്തിന് മതില്‍ കെട്ടണമെങ്കില്‍ ആരുടെയെങ്കിലും അനുവാദം വാങ്ങണോ? സാധാരണ ഗതിയില്‍ ഉത്തരം വേണ്ടെന്നാണെങ്കിലും മേരിയുടെ അനുഭവം അതല്ല. പതിറ്റാണ്ടുകളായി താമസിക്കുന്ന വീടിനു മുന്നില്‍ മതില്‍ കെട്ടാന്‍ അനുമതി ലഭിക്കാതെ വലയുകയാണിവര്‍. ചവറ താന്നിമൂട് കുറച്ചേരി പടിഞ്ഞാറ്റതില്‍ മേരിക്കും കുടുംബത്തിനുമാണ് ഈ ദുരനുഭവം. മത്സ്യത്തൊഴിലാളിയായ മേരിക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ജോണ്‍സനും ജോസും. ഇവരില്‍ ജോസ് മാനസികാസ്വാസ്ഥ്യമുള്ളയാളാണ്. ഇവരെ കൂടാതെ ജോണ്‍സന്‍െറ ഭാര്യയും കുട്ടിയുമുണ്ട്. റോഡരികിലെ നാല് സെന്‍റിലാണ് ഇവരുടെ താമസം. താമസിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അതിരില്‍ സംരക്ഷണഭിത്തിയുമുണ്ട്. മേരിയും ജോണ്‍സനും ജോലിക്ക് പോയാല്‍ പിന്നെ ജോസിനെ നോക്കാന്‍ ആരുമില്ല. മനോരോഗിയായ മകന്‍െറ സംരക്ഷണത്തിനായാണ് തങ്ങളുടെ വസ്തുവില്‍ മതില്‍ കെട്ടാന്‍ തീരുമാനിച്ചത്. ഇതിനായി പഞ്ചായത്തില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ഓവര്‍സിയര്‍ വന്ന് സ്ഥലം കണ്ടശേഷം 18ന് നിര്‍മാണത്തിന് അനുമതി നല്‍കി. നിര്‍മാണ ജോലികള്‍ ആരംഭിച്ചതിനുശേഷം 20ന് നല്‍കിയ അനുമതി റദ്ദ് ചെയ്തിരിക്കുന്നതായുള്ള നോട്ടിസ് നല്‍കുകയായിരുന്നെന്ന് മേരി പറയുന്നു. കാരണം പോലും ബോധിപ്പിക്കാതെ പഞ്ചായത്തിലെ പ്യൂണ്‍ മുഖേന നോട്ടീസ് എത്തിക്കുകയായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോള്‍ നിര്‍മാണ സ്ഥലത്തുനിന്ന് 70 മീറ്റര്‍ അകലെ താമസിക്കുന്ന രണ്ട് വ്യക്തികള്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് അനുമതി റദ്ദ് ചെയ്തതെന്ന് അറിയാന്‍ കഴിഞ്ഞു. സ്ഥലം കണ്ട് ബോധ്യപ്പെട്ട് നല്‍കിയ അനുമതി സെക്രട്ടറി നിയമവിരുദ്ധമായാണ് റദ്ദ് ചെയ്തതെന്ന് ഇവര്‍ പറയുന്നു. മതില്‍ കെട്ടുന്നതിന് തങ്ങള്‍ക്കാര്‍ക്കും പരാതിയില്ളെന്ന് അയല്‍വാസികളും പറയുന്നു. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍, ഡി.ഡി ഓഫിസ് എന്നിവിടങ്ങളില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.